കുടിശികയില്‍ ശ്വാസംമുട്ടി ഹോര്‍ട്ടികോര്‍പ്പും സപ്ലൈകോയും
1422582
Wednesday, May 15, 2024 12:57 AM IST
പയ്യന്നൂര്‍: സാമ്പത്തിക പ്രതിസന്ധിയില്‍ സപ്ലൈകോയും ഹോർട്ടികോർപ്പും രൂക്ഷമായ പ്രതിസന്ധിയില്‍. സപ്ലൈകോയിൽ കുടിശിക കൊടുത്തു തീര്‍ക്കാത്തതിനാല്‍ സാധനങ്ങള്‍ വരുന്നില്ല. ധനകാര്യവകുപ്പ് പണം നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പഞ്ചസാര വ്യാപാരികള്‍ക്ക് മാത്രമായി 200 കോടിയുടെ കുടിശികയുണ്ടെന്നാണറിയുന്നത്. ഈ കുടിശിക കൊടുത്തുതീര്‍ക്കാത്തതിനാല്‍ വിതരണക്കാര്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നില്ല. ഇതോടെയാണ് പഞ്ചസാരപോലും കിട്ടാക്കനിയായത്. 1500 കോടിയോളം രൂപ ലഭിക്കാനുള്ളപ്പോള്‍ 600 കോടിയോളം രൂപയുടെ കുടിശികയാണ് സപ്ലൈകോയ്ക്കുള്ളതെന്നാണ് കണക്കാക്കിയിരിക്കുന്നത്.
സപ്ലൈകോയിലുള്ള കൂടുതല്‍ തൊഴിലാളികളും സിപിഐ അനുഭാവികളാണ്. സപ്ലൈകോയുടെ ഇന്നത്തെ അവസ്ഥ സിപിഐക്കും തലവേദനയായി മാറിയിട്ടുണ്ട്. ഇതോടെയാണ് സപ്ലൈകോയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐ തൊഴിലാളി സംഘടനയായ എഐടിയുസി സംസ്ഥാന കൗണ്‍സില്‍ നേതൃത്വത്തില്‍ ഇന്നുമുതല്‍ രണ്ടുദിവസങ്ങളിലായി സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യഗ്രഹം നടത്തുവാന്‍ തീരുമാനിച്ചത്.
ഹോർട്ടി കോർപ്പിനും
പൂട്ട് വീഴുന്നു
കൃഷിവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോര്‍പിന്റെ കണ്ണൂര്‍ ജില്ലയിലെ മിക്കവാറും സ്റ്റാളുകളെല്ലാം പൂട്ടിക്കഴിഞ്ഞു. പയ്യന്നൂരിലെ രണ്ടു സ്റ്റാളുകള്‍ മാത്രമാണ് പൂട്ടാതെ അവശേഷിക്കുന്നത്. കര്‍ഷകര്‍ക്കുള്ള കുടിശിക കൊടുത്തു തീര്‍ക്കാന്‍ ഫണ്ട് ലഭിക്കാത്തതാണ് ഹോര്‍ട്ടി കോര്പ്പിനേയും പ്രതിസന്ധിയിലാക്കിയത്. കര്‍ഷകര്‍ ഉത്പന്നങ്ങള്‍ നല്കാന് മടിച്ചതോടെ പൊതുമാര്‍ക്കറ്റില്‍ നിന്നെടുക്കുന്ന സാധനങ്ങളാണ് ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളിലെത്തിക്കുന്നത്. ഇതോടെ സബ്സിഡികളൊന്നും നല്കാന് പറ്റാത്ത അവസ്ഥയിലുമായി. മൊത്തവ്യാപാരികളുടെ കുടിശിക കൊടുത്തുതീര്‍ക്കാത്തതിനാല്‍ ഇവര്‍ നല്കുന്ന ഗുണനിലവാരം കുറഞ്ഞ പച്ചക്കറികളോട് ജനങ്ങള്‍ മുഖംതിരിച്ചതോടെ ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനവും അനിശ്ചിതത്വത്തിലായി.
ഹോര്‍ട്ടികോര്‍പ്പിന് കേന്ദ്രസര്‍ക്കാര്‍ നല്കിവന്നിരുന്ന സബ്സിഡി വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. ഉത്പന്നങ്ങള്‍ നല്കുന്ന കര്‍ഷകരുടെ ലിസ്റ്റ്, വിറ്റുവരവ് കണക്കുകള്‍, ഉപയോഗ ശൂന്യമായി പോകുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ കണക്ക് എന്നിവ യഥാസമയങ്ങളില്‍ സമര്‍പ്പിക്കാത്തതാണ് സബ്സിഡി മുടങ്ങാന്‍ കാരണമെന്നും അറിയുന്നു. സ്റ്റാളുകള്‍ പൂട്ടിയതോടെ ജീവനക്കാര്‍ക്ക് ജോലിയില്ലാതായെങ്കിലും ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഡെപ്യൂട്ടേഷനില്‍ നിയമിതരായവര്‍ക്ക് പണിയെടുക്കാതെതന്നെ ശന്പളം കിട്ടുന്നുവെന്നതാണ് ഇതിന്റെ ബാക്കിപത്രം.