മഞ്ചേശ്വരത്ത് കവര്‍ച്ച പെരുകുമ്പോഴും പോലീസ് നടപടി എങ്ങുമെത്തുന്നില്ല
1418576
Wednesday, April 24, 2024 7:17 AM IST
മഞ്ചേശ്വരം: മഞ്ചേശ്വരം താലൂക്കില്‍ പട്ടാപ്പകല്‍ പോലും മോഷണം പെരുകുകയാണെന്നും ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് എ.കെ.എം. അഷ്റഫ് എംഎല്‍എ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന മോഷണ പരമ്പരയില്‍ പ്രതികളെ കണ്ടെത്താനോ തുടര്‍മോഷണങ്ങള്‍ തടയാനോ ആവുന്നില്ല.
ഉപ്പളയിലെ പോലീസ് എയ്ഡ് പോസ്റ്റിന് 50മീറ്റര്‍ അകലെ നിന്ന് എടിഎമ്മിലേക്ക് പൈസ നിക്ഷേപിക്കാന്‍ വന്ന വാഹനം തകര്‍ത്ത് 50 ലക്ഷം മോഷ്ടിച്ചത് നട്ടുച്ചയ്ക്കാണ്. സ്വര്‍ണത്തിന് വില നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോള്‍ മോഷണം വ്യാപകമാകുന്നു. മഞ്ചേശ്വരം, കുമ്പള, മംഗല്പാടി പഞ്ചായത്തുകളിലാണ് മോഷണം വ്യാപകമാവുന്നത്. കുമ്പള പഞ്ചായത്തിലെ വിവിധ മേഖലകളില്‍ മോഷണം തുടര്‍ക്കഥയാണ്. കഴിഞ്ഞ ദിവസം ഉപ്പള സോങ്കാലില്‍ മോഷണം നടന്നു. മംഗല്പാടി പഞ്ചായത്ത് ഓഫീസിലും മോഷണ ശ്രമം നടന്നിരുന്നു.
ഉപ്പള ഗേറ്റ്, മീഞ്ച പഞ്ചായത്തിലെ മിയാപദവ്, ആരിക്കാടി, കൊടിയമ്മ, മഞ്ചേശ്വരം, ഉറുമി തുടങ്ങിയ പ്രദേശങ്ങളടക്കം പല സ്ഥലങ്ങളിലും കവര്‍ച്ച നടന്നിരുന്നു. പഴയ കാലത്തൊക്കെ രാത്രി കാലങ്ങളിലാണ് കവര്ച്ചയെങ്കില് ഈ ആധുനിക കാലത്ത് പട്ടാപ്പകലാണ് മോഷണങ്ങള്‍ നടക്കുന്നത് എന്നതാണ് ആശ്ചര്യം. പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്താല്‍ ആദ്യഘട്ടത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ പോലീസ് നടപടികള്‍ ഒതുങ്ങുകയാണെന്നാണ് ആക്ഷേപമുയരുന്നത്.
തീരദേശവും അന്തര്‍സംസ്ഥാന അതിര്‍ത്തിയും മലയോരവുമടക്കമുള്ള പ്രദേശത്തിന് ആകെയുള്ളത് രണ്ടു പോലീസ് സ്റ്റേഷനകളണ്. ഈ പരിധിയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ പോലീസിനും എത്തിച്ചേരാന്‍ പ്രയാസമുണ്ട്. ആവശ്യമായ വാഹനങ്ങളോ സേനയോ ഇല്ലാത്തത് കേസന്വേഷണങ്ങളെയും കാര്യമായി ബാധിക്കുന്നതാണ് താലൂക്കിന്റെ മധ്യത്തിലായി പൈവളിഗെയില്‍ പുതിയ പോലീസ് സ്റ്റേഷന് എന്ന കാലങ്ങളായുള്ള ആവശ്യം ന്യായമാണെന്ന് സര്‍ക്കാരിന് ബോധ്യമുണ്ടായിട്ടും സ്റ്റേഷന് ആരംഭിക്കാത്തത് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നു.
പൈവെളിഗെയിലെ നവകേരള സദസില്‍ കവര്‍ച്ചയ്ക്കിരയായവര്‍ പരാതി കൊടുത്തെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതോടെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പോലും പേടിക്കുകയാണ്. കവര്‍ച്ചക്കാരെ പിടിക്കാന്‍ പ്രത്യേക പോലീസ് സ്ക്വാഡിനെ നിയമിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.