പഞ്ചായത്തിന് ലഭിച്ച തുകയ്ക്ക് കണക്കില്ലെന്ന് ആരോപണം
1418000
Monday, April 22, 2024 1:24 AM IST
കാസര്‍ഗോഡ്: ഹരിതകര്‍മസേന ശേഖരിച്ച പ്ലാസ്റ്റിക് നല്കിയവകയില് പഞ്ചായത്തിന് ലഭിച്ച തുകയെ സംബന്ധിച്ച് കണക്കില്ലെന്ന് ആരോപണം. ബിജെപി ഭരിക്കുന്ന മധൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞദിവസം നടന്ന ഭരണസമിതി യോഗത്തില്‍ യുഡിഎഫ് പ്രതിനിധിയായ ഹബീബ് ചെട്ടുംകുഴിയാണ് ഇതുസംബന്ധിച്ച് പ്രശ്നം ഉന്നയിച്ചത്.
വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഹരിതകര്‍മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് രണ്ടായി തരംതിരിച്ചാണ് കമ്പനിക്ക് നല്‍കുന്നത്. നല്ല പ്ലാസ്റ്റിക്കിന് ഒരു കിലോഗ്രാമിന് 5.60 രൂപ കമ്പനി നല്‍കുന്നുണ്ട്. ചീത്ത പ്ലാസ്റ്റിക്കാണെങ്കില്‍ അവ നീക്കംചെയ്യുന്നതിന് ഒരു നിശ്ചിതതുക പഞ്ചായത്ത് കമ്പനിക്ക് നല്‍കണം.
തുക പഞ്ചായത്ത് സെക്രട്ടറിയുടെ അക്കൗണ്ടിലേക്കാണ് വരുന്നത്. 2018ല്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നുവെങ്കിലും 2019ലാണ് പ്രാബല്യത്തില്‍ വന്നത്. ഖരമാലിന്യ നിര്‍മാര്‍ജനത്തിനും ദുരിതാശ്വാസ ആവശ്യങ്ങള്‍ക്കും തുക വിനിയോഗിക്കാന്‍ കഴിയും.
അഞ്ചുവര്‍ഷം പിന്നിട്ടിട്ടും ഇതുസംബന്ധിച്ച കണക്കുകള്‍ ഓഡിറ്റ് ചെയ്യാത്തതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും ഹബീബ് ചെട്ടുംകുഴി പറഞ്ഞു.
ഹരിതകര്‍മസേനയുടെ വാഹനത്തിന് ഇന്‍ഷുറന്‍സ് അടക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നവും ഉണ്ടെന്ന് ഹബീബ് പറഞ്ഞു. ഫെബ്രുവരിയിലാണ് വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി അവസാനിച്ചത്. ഹരിതകര്‍മസേനയ്ക്ക് മാലിന്യശേഖരണത്തിനായി പഞ്ചായത്താണ് വാഹനമനുവദിച്ചത്.
എന്നാല്‍ വാഹനത്തിന്റെ ദൈനംദിന ചെലവുകള്‍ ഹരിതകര്‍മസേന തന്നെ വഹിക്കണമെന്നാണ് ചട്ടം. ഹരിതകര്‍മസേനയ്ക്ക് പണമില്ലാത്തതിനാല്‍ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍നിന്ന് തുക ഉപയോഗിച്ചാണ് വാഹനത്തിന്റെ ഇന്‍ഷുറന്‍സ് അടച്ചിട്ടുള്ളത്.
എന്നാല്‍ ആരോപണങ്ങള്‍ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്നും പഞ്ചായത്തില്‍ എല്ലാ കണക്കുമുണ്ടെന്നും ആര്‍ക്കും പരിശോധിക്കാമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണ പറഞ്ഞു.