ദേശീയപാതയിലെ കാര്യങ്കോട് പാലം അപകടാവസ്ഥയിൽ
1417887
Sunday, April 21, 2024 6:47 AM IST
നീലേശ്വരം: ദേശീയപാതയിലെ 60 വർഷം പഴക്കമുള്ള കാര്യങ്കോട് പാലം അപകടാവസ്ഥയിൽ. പാലത്തിന്റെ വടക്കുവശത്തെ തൂണുകൾ താഴ്ന്നതിനെ തുടർന്ന് സ്പാനുകൾ ചരിഞ്ഞ നിലയിലാണ്. ഇതോടെ പാലത്തിനു മുകളിൽ തന്നെ വിള്ളലുകളും രൂപപ്പെട്ടു.
ഭാരമുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ കുലുക്കം അനുഭവപ്പെടുന്നതും പതിവായി. നേരത്തേ പാലത്തിന്റെ തെക്കുഭാഗത്തും തൂണുകൾ താഴ്ന്നതിനെ തുടർന്ന് സ്പാനുകൾക്കിടയിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. അന്ന് താത്കാലിക അറ്റകുറ്റപണി നടത്തിയാണ് അത് പരിഹരിച്ചത്. അടിവശത്തുനിന്ന് കോൺക്രീറ്റ് അടർന്നുവീണ് കമ്പികൾ പുറത്തുകാണാവുന്ന നിലയിലാണ്. ഒരു വശത്തെ കൈവരികളും വാഹനമിടിച്ച് തകർന്ന അവസ്ഥയിലാണ്.
അമ്പതു വർഷത്തെ ആയുസ് കണക്കാക്കിയാണ് പാലം നിർമിച്ചതെന്നാണ് സർക്കാർ രേഖകളിൽ കാണുന്നത്. 1963 ൽ അന്നത്തെ മുഖ്യമന്ത്രി ആർ.ശങ്കറാണ് പാലം ഉദ്ഘാടനം ചെയ്തത്. പ്രവർത്തന കാലാവധി കഴിയുകയും കാലപ്പഴക്കത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തപ്പോൾ തന്നെ പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ബന്ധപ്പെട്ടവർ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയതാണ്.
എന്നാൽ ദേശീയപാതാ വികസനത്തോടനുബന്ധിച്ച് ഇവിടെ പുതിയ രണ്ടു പാലങ്ങൾ പണിയുന്നതിനാൽ പഴയത് പൊളിച്ചുപണിയേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. നിലവിലുള്ള പാലത്തിന്റെ കിഴക്കുവശത്തും പടിഞ്ഞാറുവശത്തുമായാണ് ദേശീയപാതാ വിഭാഗത്തിനു കീഴിൽ പുതിയ പാലങ്ങൾ നിർമിക്കുന്നത്. ഇതിൽ കിഴക്കുവശത്തെ പാലത്തിന്റെ പണി ഏതാണ്ട് പൂർത്തിയായി. പടിഞ്ഞാറുവശത്ത് തൂണുകൾ നിർമിക്കുന്നതിനുള്ള പൈലിംഗ് പ്രവൃത്തികൾ തുടങ്ങിയിട്ടേയുള്ളൂ.
പുതിയ പാലങ്ങളുടെ പൈലിംഗ് നടന്നപ്പോഴാണ് പഴയ പാലത്തിന്റെ തൂണുകൾ താഴാൻ തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. ദേശീയപാതാ വിഭാഗവും ഇക്കാര്യം നിഷേധിക്കുന്നില്ല. അങ്ങനെയാണെങ്കിൽ കൂടുതൽ അപകടം വരാൻ കാത്തുനില്ക്കാതെ ഇതിനകം പണി ഏതാണ്ട് പൂർത്തിയായ കിഴക്കുവശത്തെ പുതിയ പാലത്തിലൂടെ ഭാരവാഹനങ്ങളെയെങ്കിലും തിരിച്ചുവിട്ടുകൂടേയെന്നാണ് നാട്ടുകാരുടെ ചോദ്യം. പുതിയ പാലത്തിലേക്കുള്ള സമീപന റോഡ് പൂർത്തിയാക്കാനായാൽ വാഹനങ്ങളെ അതുവഴി തിരിച്ചുവിടാനാകും അതിനുള്ള ഗൗരവമായ നടപടികൾ ദേശീയപാതാ വിഭാഗത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് ആവശ്യം.