നർക്കിലക്കാടിന് കിട്ടിയ റോഡ് ‘പണി’
1417040
Thursday, April 18, 2024 1:47 AM IST
നർക്കിലക്കാട്: റോഡ് വികസനം ഇഴഞ്ഞു നീങ്ങുന്നത് നർക്കിലക്കാട് ടൗണിലെ വ്യാപാരികൾക്കും നാട്ടുകാർക്കും ദുരിതമാകുന്നു. ഭീമനടി-ചിറ്റാരിക്കാൽ റോഡിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക് കടന്നുവെങ്കിലും നർക്കിലക്കാട് ടൗണിലെ നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്.
കെട്ടിട ഉടമകളുമായ തർക്കങ്ങൾ മൂലം താമസിച്ചാണ് നർക്കിലക്കാട് ടൗൺ വികസനം ആരംഭിച്ചത്.എന്നാൽ ഇരു വശങ്ങളിലും ഒരു മീറ്റർ ഉയരത്തിൽ ഓട നിർമാണം നടത്തിയതിനാൽ ഒരു മാസത്തിലേറെയായി കടകളിൽ കയറാനും ഇറങ്ങുവാനും കഴിയുന്നില്ല. ഓടയിൽ വീണ് കടയിൽ വരുന്നവർക്ക് പരിക്ക് പറ്റുന്നതും പതിവായി. ഒരു മീറ്റർ ഉയരത്തിൽ ഓവുചാൽ നിർമാണം പൂർത്തിയാക്കിയിട്ടും റോഡ് മണ്ണിട്ട് ഉയർത്താനുള്ള പ്രവർത്തി ആരംഭിച്ചിട്ടില്ല.
ഈസ്റ്റർ വിഷു കച്ചവടം ഒന്നും നടക്കാതെ വ്യാപാരികൾ ദുരിതത്തിലായി. നർക്കിലക്കാട് ടൗണിലെ റോഡ് നിർമാണം പെട്ടെന്ന് പൂർത്തീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികൾ ആരംഭിയ്ക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നറിയിപ്പ് നൽകി. നിരവധി വിദ്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന നർക്കിലക്കാട് സ്കൂൾ തുറക്കുന്നതിന് മുൻപ് നിർമ്മാണം പൂർത്തിയാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.