രാജ്മോഹൻ ഉണ്ണിത്താൻ മഞ്ചേശ്വരത്ത്
1416809
Wednesday, April 17, 2024 1:52 AM IST
മഞ്ചേശ്വരം: കാസർഗോഡ് ജില്ലയിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് തുരങ്കം വയ്ക്കുന്നത് സംസ്ഥാന സർക്കാരാണെന്നും ഇക്കാര്യത്തിൽ ജില്ലയുടെ വികാരത്തിനൊപ്പം നില്ക്കാൻ എംഎൽഎമാരടക്കമുള്ള എൽഡിഎഫ് ജനപ്രതിനിധികൾക്ക് കഴിയുന്നില്ലെന്നും യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷക്കാലമായി കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും മണ്ഡലത്തിലെ സ്ഥിരം സാന്നിധ്യവും എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഉണ്ണിത്താൻ മഞ്ചേശ്വരം മണ്ഡലത്തിൽ പര്യടനം നടത്തിയത്. മുണ്ട്യത്തടുക്കയിൽ കർണാടകയിലെ പുത്തൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ അശോക് റൈ പര്യടനം ഉദ്ഘാടനം ചെയ്തു.
കുമ്പളയിൽ നടന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.
സുബ്ബയ്യ റൈ, കല്ലട്ര മാഹിൻ ഹാജി, എ.കെ.എം.അഷ്റഫ് എംഎൽഎ, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, ജെ.എസ്.സോമശേഖര എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.