മഴയും കാത്ത് മലയോരം....
1416805
Wednesday, April 17, 2024 1:52 AM IST
ചീമേനി: കണക്കില്ലാതെ വെള്ളമൂറ്റിയെടുത്താൽ ഏതു പുഴയും വറ്റിവരളുമെന്നതിന് നേരിട്ടുള്ള ഉദാഹരണമാവുകയാണ് കാക്കടവിൽ തേജസ്വിനി പുഴയുടെ സ്ഥിതി. ഇന്നോളം ആരും കണ്ടിട്ടില്ലാത്തവിധം പുഴയുടെ അടിത്തട്ട് തെളിഞ്ഞുകാണാവുന്ന നിലയാണ് ഇപ്പോൾ. വിവിധ കുടിവെള്ളപദ്ധതികളിലേക്ക് ഇവിടെനിന്നും വെള്ളമെടുക്കുന്നത് നിർത്തിവയ്ക്കുകയോ ശക്തമായൊരു വേനൽമഴ പെയ്യുകയോ ചെയ്യാതിരുന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവിടെ പുഴ വറ്റിവരളും.
ഏഴിമല നാവിക അക്കാദമി, രാമന്തളി പഞ്ചായത്ത്, പെരിങ്ങോം സിആർപിഎഫ് ക്യാമ്പ് എന്നിവിടങ്ങളിലേക്കായി പ്രതിദിനം 50 ലക്ഷം ലിറ്റർ വെള്ളമാണ് കടുത്ത വരൾച്ചക്കാലത്തും ഇവിടെനിന്നും കൊണ്ടുപോകുന്നത്. ഇവിടെനിന്നും 200 മീറ്ററോളം കിഴക്കുമാറി കയ്യൂർ-ചീമേനി പഞ്ചായത്തിലെ കുടിവെള്ളപദ്ധതിക്കു വേണ്ടിയും വെള്ളമെടുക്കുന്നു.
തേജസ്വിനിയുടെ ജലസമൃദ്ധിയെ ഉന്നമിട്ട് കൂടുതൽ വൻകിട ജലവിതരണ പദ്ധതികൾ നിർമാണഘട്ടത്തിലാണ്. ഇതിനായി ചാനടുക്കത്ത് കൂറ്റൻ ടാങ്കും ജലശുദ്ധീകരണ പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെനിന്നും വെള്ളമെത്തിച്ച് വിവിധ പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യുന്നതിനായി കൂടുതൽ ജലസംഭരണികളുടെ നിർമാണവും പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളും തുടങ്ങിയിട്ടുണ്ട്. കാക്കടവിലെ സ്ഥിരം തടയണ, മുക്കട എന്നിവയ്ക്കൊപ്പം പാലായി റഗുലേറ്റർ കം ബ്രിഡ്ജ് കേന്ദ്രീകരിച്ചും ജലവിതരണ പദ്ധതികൾ തയ്യാറാകുന്നുണ്ട്. പാലായിയിൽ കൂടി റഗുലേറ്റർ കം ബ്രിഡ്ജ് വന്നതും കാക്കടവിലെ പുഴയുടെ ജലനിരപ്പിനെ ബാധിച്ചിട്ടുണ്ട്. അതേസമയം മലയോരമേഖലയിലെ കർഷകർ ജലസേചനം നടത്തുന്നതാണ് പുഴയിലെ വെള്ളം കുറയാൻ കാരണമെന്ന വിചിത്ര വാദവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
10 കോടി രൂപ ചെലവിലാണ് കാക്കടവിൽ 85 മീറ്റർ നീളവും നാലര മീറ്റർ ഉയരവുമുള്ള സ്ഥിരം തടയണ നിർമിച്ചത്. ഇവിടെ ഇപ്പോൾ പുഴയിലെ പാറക്കല്ലുകളും ചെളിയും തെളിഞ്ഞുകാണാവുന്ന നിലയിലാണ്. ഈ സ്ഥിതി തുടർന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ഏഴിമലയിലേക്കുള്ള ജലവിതരണം നിലയ്ക്കും. ഇനി ഇവിടെ അണക്കെട്ട് തന്നെ നിർമിക്കണമെന്ന തത്പരകക്ഷികളുടെ ആവശ്യം ശക്തമാക്കുന്നതിനു വേണ്ടിയാണോ ഇങ്ങനെ വെള്ളമൂറ്റിയെടുക്കുന്നതെന്ന സംശയവും നാട്ടുകാർക്കുണ്ട്.