വിഷുദിനത്തിൽ അക്ഷരക്കണിയൊരുക്കി ആയന്നൂർ യുവശക്തി ലൈബ്രറി
1416707
Tuesday, April 16, 2024 6:57 AM IST
ആയന്നൂർ:അക്ഷരക്കണിയൊരുക്കിയും പുസ്തകങ്ങൾ കൈനീട്ടമായി നൽകിയും വേറിട്ട രീതിയിൽ വിഷു ആഘോഷിച്ച് ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി. ബാലവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിഷു പുസ്തകക്കണി ബിആർസി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ പി.പുഷ്പാകരൻ ഉദ്ഘാടനം ചെയ്തു.
അഭിവൃദ്ധിയുടെ തുടക്കം അറിവിലൂടെ എന്ന സന്ദേശവുമായി കണി കാണാനെത്തിയ കുട്ടികൾക്കെല്ലാം പുസ്തകങ്ങൾ കൈനീട്ടമായി നൽകി. വായനാ ചാലഞ്ചിൽ പങ്കെടുക്കുന്ന കുട്ടികളുടെ പുസ്തകാസ്വാദനം, കവിതാലാപനം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. ബാലവേദി പ്രസിഡന്റ് സിദ്ധാർഥ് സജീവൻ അധ്യക്ഷത വഹിച്ചു.
വായനാ ചാലഞ്ച് മെന്റർ അനുശ്രീ ലക്ഷ്മണൻ, ലൈബ്രറി കൗൺസിൽ താലൂക്ക് എക്സി.അംഗം കെ.ഗോവിന്ദൻ, നേതൃസമിതി കൺവീനർ പി.ഡി.വിനോദ്, ഗ്രന്ഥശാല പ്രസിഡന്റ് പി.വി.പുരുഷോത്തമൻ, സെക്രട്ടറി സി.ടി.പ്രശാന്ത്, അനുശ്രീ പ്രസാദ്, പി.ദേവനന്ദ എന്നിവർ പ്രസംഗിച്ചു.
വായനാ ചലഞ്ചിലെ ആദ്യ വിജയിയായി ദിയ
ആയന്നൂർ: ലൈബ്രറി കൗൺസിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് നേതൃസമിതി സംഘടിപ്പിച്ച വായനാ ചാലഞ്ചിൽ 15 ദിവസത്തിനുള്ളിൽ 50 പുസ്തകങ്ങൾ വായിച്ചു തീർത്ത് അവയുടെ ആസ്വാദനക്കുറിപ്പുകൾ എഴുതുകയും ചാലഞ്ച് പൂർത്തീകരിക്കുകയും ചെയ്ത കൊല്ലാട ഇഎംഎസ് ലൈബ്രറിയിലെ ടി.എം.ദിയ ആദ്യവിജയിയായി.