തൃക്കരിപ്പൂരിന്റെ ഫുട്ബോൾ ടർഫ് വേനലവധിയിലും അടഞ്ഞുതന്നെ
1416452
Sunday, April 14, 2024 7:00 AM IST
തൃക്കരിപ്പൂർ: തൃക്കരിപ്പൂരിലെയും സമീപപ്രദേശങ്ങളിലെയും താരങ്ങൾ വർഷങ്ങളായി പരിശീലനത്തിന് ഉപയോഗിച്ചിരുന്ന നടക്കാവിലെ രാജീവ്ഗാന്ധി സിന്തറ്റിക് ടർഫ് ഈ വേനലവധിക്കാലത്തും അടഞ്ഞുതന്നെ.
വിവിധോദ്ദേശ സ്റ്റേഡിയത്തിലെ നിർമാണത്തിന്റെയും അറ്റകുറ്റപണികളുടെയും പേരിലാണ് ഫുട്ബോൾ ടർഫ് മാസങ്ങളായി അടച്ചിട്ടിരിക്കുന്നത്.
തൃക്കരിപ്പൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലായിരുന്ന ടർഫ് കൂടുതൽ വികസന പ്രതീക്ഷകളോടെയാണ് സംസ്ഥാന കായിക വകുപ്പിന് വിട്ടു നൽകിയത്. എന്നാൽ വർഷങ്ങളായി നിർമാണം ഇഴഞ്ഞുനീങ്ങുന്ന വിവിധോദ്ദേശ സ്റ്റേഡിയത്തിൽ, നിലവിലുണ്ടായിരുന്ന സൗകര്യവും വികസനത്തിന്റെ പേരിൽ ഇല്ലാതാക്കുകയായിരുന്നു.
തൃക്കരിപ്പൂരിൽ മാത്രം ഏഴ് ഫുട്ബോൾ അക്കാദമികളും നിരവധി ക്ലബുകളും കളി പരിശീലിപ്പിക്കുന്നുണ്ട്. പടന്ന, പിലിക്കോട്, ചെറുവത്തൂർ, കരിവെള്ളൂർ-പെരളം പഞ്ചായത്തുകളിലെയും പയ്യന്നൂർ നഗരസഭയിലെയും കളിക്കാരും വർഷങ്ങളായി ഇവിടെ പരിശീലനം നടത്തിയിരുന്നു.
വേനലവധിക്കാലത്ത് രാത്രിയിലും പകലും പരിശീലനം നടന്നിരുന്നു.
ദേശീയതലത്തിൽ വരെ ശ്രദ്ധേയരായ നിരവധി കളിക്കാർ ഇവിടെ കളിച്ചുവളർന്നിട്ടുണ്ട്. മാസങ്ങളായി അടച്ചിട്ടതോടെ സാമൂഹ്യവിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും വിഹാര കേന്ദ്രമായി സിന്തറ്റിക് ടർഫ് മാറി.
കോടികൾ ചെലവിട്ട് നിർമിച്ച കളിക്കളത്തിൽ മദ്യക്കുപ്പികളും ഭക്ഷ്യാവശിഷ്ടങ്ങളും തലങ്ങും വിലങ്ങും ചിതറിക്കിടക്കുകയാണ്. കൃത്യമായ പരിചരണമില്ലാത്തത് മൂലം ടർഫ് പ്രതലവും നാശത്തിന്റെ വക്കിലായി.
പലതവണ ജില്ലാ ഫുട്ബോൾ ലീഗ് മത്സരങ്ങൾക്കും പോളിടെക്നിക് കോളജ് സോണൽ മത്സരങ്ങൾക്കും വേദിയായ ടർഫിൽ രണ്ടുതവണ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ പ്രാഥമിക ഘട്ട മത്സരങ്ങളും നടന്നിരുന്നു. എന്നാൽ ഇത്തവണ ജില്ലാലീഗ് മത്സരങ്ങൾക്കും സംസ്ഥാന പോളിടെക്നിക് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുമുൾപ്പെടെ അനുമതി നൽകാതെയാണ് അടച്ചിട്ടത്.
പരിശീലനം പോലും നടത്താനനുവദിക്കാത്തതിനെതിരെ വിവിധ കായിക സംഘടനകൾ പ്രതിഷേധത്തിനൊരുങ്ങുകയാണ്. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് ഉത്തര കേരളത്തിൽ നിർമിച്ച ആദ്യ ഫുട്ബോൾ സ്റ്റേഡിയമാണ് നവീകരണത്തിന്റെ പേരിൽ ഇല്ലാതാക്കപ്പെടുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.