നാടെങ്ങും വിഷുത്തിരക്ക്
1416088
Saturday, April 13, 2024 1:15 AM IST
കാഞ്ഞങ്ങാട്: ഒന്നിനു പിറകേ ഒന്നായി വന്ന ഉത്സവക്കാലം വിപണിയെ ആലസ്യത്തിൽ നിന്നുണർത്തി. ഗൃഹോപകരണങ്ങളും തുണിത്തരങ്ങളും മുതൽ ചക്കയും കണിക്കൊന്നയും പലഹാരങ്ങളും വരെ വിപണിയിൽ സജീവമായി. കടകൾക്കൊപ്പം പാതയോരത്തെ ചില്ലറവില്പനകേന്ദ്രങ്ങളിലും നല്ല തിരക്കുണ്ട്. അതേ സമയം വഴിയോരത്തെ അനധികൃത കച്ചവടത്തിനെതിരെ പലയിടത്തും വ്യാപാരികൾ പ്രതിഷേധിക്കുന്നുമുണ്ട്.
നഗരമെന്നോ ഗ്രാമമെന്നോ ഭേദമില്ലാതെ ചൂട് സർവകാല റിക്കാർഡിലെത്തി നില്ക്കുമ്പോൾ എസിയാണ് ഗൃഹോപകരണ വിപണിയിലെ താരമാകുന്നത്. ചൂിനെ അകറ്റാൻ എസി സാധാരണക്കാരുടെയും ആവശ്യമായി മാറിയതോടെ വിലക്കിഴിവും ഇഎംഐയുമടക്കമുള്ള ഓഫറുകളുമായി കമ്പനികളും വില്പനശാലകളും കളംനിറയ്ക്കുന്നുണ്ട്.
പ്രധാന നഗരങ്ങൾക്കൊപ്പം ചെറുകിട ടൗണുകളിലും കമ്പനി ഉത്പന്നങ്ങളും പുതിയ ഫാഷൻ ട്രെൻഡുകളുമെല്ലാം വരാൻ തുടങ്ങിയതോടെ വില്പനയുടെ കാര്യത്തിലും നേട്ടമുണ്ടായിട്ടുണ്ട്. .
ഈസ്റ്ററിനും പെരുന്നാളിനും സജീവമായിരുന്ന പലഹാര വിപണിയിൽ വിഷുക്കാലത്തും തിരക്കേറുന്നുണ്ട്. സ്വന്തമായി ഭക്ഷണം തയ്യാറാക്കാൻ നേരം കിട്ടാത്ത അണുകുടുംബങ്ങളാണ് ഉപഭോക്താക്കളിലേറെയും. മുൻകാലങ്ങളിൽ ഓണത്തിനും ക്രിസ്മസിനും വിഷുവിനുമെല്ലാം ഒഴിച്ചുകൂടാനാകാത്ത ഘടകമായിരുന്ന സപ്ലൈകോ ചന്തകളുടെ കാര്യത്തിൽ ഇപ്പോൾ എല്ലാവരും പ്രതീക്ഷ കൈവിട്ടതിനാൽ അരിക്കും നിത്യോപയോഗ സാധനങ്ങൾക്കുമെല്ലാം പൊതുവിപണിയേയും സൂപ്പർമാർക്കറ്റുകളേയുമാണ് ഏറെയും ആശ്രയിക്കുന്നത്.
കൺസ്യൂമർ ഫെഡ് വിഷുച്ചന്തകൾ തുടങ്ങുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും അവസാനനിമിഷത്തിലും എവിടെയുമെത്തിയിട്ടില്ല. ഇടക്കാലത്ത് കുത്തനെ ഉയർന്ന പച്ചക്കറി വില ഇപ്പോൾ ഇടനിലയിൽ നില്ക്കുന്നതും തെല്ലൊരാശ്വാസമായിട്ടുണ്ട്.
വേനൽക്കാല പച്ചക്കറി കൃഷിയിലുണ്ടായ ഉല്പാദനക്കുറവും മുൻകാലങ്ങളിൽ വിലയിടിവ് മൂലമുണ്ടായ മാന്ദ്യവും വിപണിയിൽ നാടൻ പച്ചക്കറികളുടെ വരവിനെബാധിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ ജനപ്രിയമായിരുന്ന കുടുംബശ്രീ ചന്തകളിൽ വിലക്കൂടുതലും മറ്റു പ്രശ്നങ്ങളും മൂലം ഇപ്പോൾ തിരക്ക് കുറഞ്ഞു.അതേസമയം വിഎഫ്പിസികെയും ഹരിതയുമടക്കമുള്ള നാടൻ പച്ചക്കറി സ്റ്റാളുകളിൽ സാമാന്യം തിരക്കുണ്ട്. ശ്രീകൃഷ്ണ വിഗ്രഹങ്ങളും ചക്കയും കണിക്കൊന്നയും കണിക്കലങ്ങളുമെല്ലാം പാതയോരങ്ങളിൽ നിറഞ്ഞിരിക്കുകയാണ്.