തെരഞ്ഞെടുപ്പ് വരുമ്പോൾ നെഞ്ചിടിപ്പോടെ സ്കൂൾ അധികൃതർ
1415684
Thursday, April 11, 2024 1:55 AM IST
കാസർഗോഡ്: സ്കൂളുകളുടെ ചുവരുകളൊന്നും ഇപ്പോൾ പഴയതുപോലെ വെള്ളയും കറുപ്പും നിറങ്ങൾ മാത്രം പൂശിയതല്ല. മറിച്ച് കുട്ടികളുടെ അഭിരുചിക്കനുസരിച്ച് കാർട്ടൂൺ കഥാപാത്രങ്ങളുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും ചരിത്രനായകന്മാരുടെയുമെല്ലാം ചിത്രങ്ങളും വിവിധ നിറങ്ങളും കൊണ്ട് നിറഞ്ഞവയാണ്.
എന്നാൽ, തെരഞ്ഞെടുപ്പിന്റെ രീതികളെല്ലാം ഒരുപാട് മാറിയെങ്കിലും പോളിംഗ് ബൂത്തുകളിൽ ബൂത്ത് നമ്പറും വോട്ടർമാർക്കുള്ള നിർദേശങ്ങളും സ്ഥാനാർഥികളുടെ പേരുമെല്ലാം വലുതായി എഴുതിയും അച്ചടിച്ചും ചുവരിൽ ഒട്ടിച്ചുവയ്ക്കുന്ന സമ്പ്രദായം മാത്രം മാറിയിട്ടില്ല. തെരഞ്ഞെടുപ്പിനു വേണ്ടി പോളിംഗ് ബൂത്തായോ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രമായോ ഒക്കെ ഒരു സ്കൂളിനെ ഏറ്റെടുത്തു കഴിഞ്ഞാൽ പിന്നെയെല്ലാം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മാത്രം നിയന്ത്രണത്തിലാണ്. ചുവരിലെ ഛോട്ടാ ഭീമിന്റെയും മാനിന്റെയും മുയലിന്റെയുമൊക്കെ മുകളിൽ കട്ടിയുള്ള പശ തേച്ച് പേപ്പറുകളും പോസ്റ്ററുകളുമെല്ലാം ഒട്ടിച്ചുവയ്ക്കും. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വോട്ടിംഗ് മെഷീനുകളും അവശേഷിച്ച സാമഗ്രികളുമായി കഴിവതും വേഗം പൊടിതട്ടിയങ്ങ് പോകും. ഒറ്റദിവസം കൊണ്ട് നാനാവിധമായി നശിച്ച ചുവരുകൾ നോക്കി നെടുവീർപ്പിടാനാകും പിന്നെ സ്കൂൾ അധികൃതരുടെയും കുട്ടികളുടെയും യോഗം. ബെഞ്ചും ഡസ്കുമൊക്കെ ഏതാണ്ട് അതേ അവസ്ഥയിലായിരിക്കും.
പിടിഎയും നാട്ടുകാരുമൊക്കെ ചേർന്ന് ലക്ഷങ്ങൾ ചെലവാക്കി നവീകരിച്ചവയാണ് മിക്ക സ്കൂളുകളുടെയും ചുവരുകൾ. എന്നാൽ, തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള പോസ്റ്ററുകൾ പതിക്കുമ്പോഴും ആ ചുവരുകൾ വൃത്തികേടാകുന്നതിനെക്കുറിച്ചുള്ള മിനിമം ചിന്ത പോലും മിക്കപ്പോഴും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മനസ്സിലുണ്ടാകുന്നില്ലെന്നാണ് ഏതാണ്ടെല്ലാ സ്കൂൾ അധികൃതരുടെയും പരാതി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് സ്കൂൾ തുറക്കാറാകുമ്പോഴേക്കും എല്ലാം പഴയപടി മനോഹരമാക്കാൻ വീണ്ടും ലക്ഷങ്ങളുടെ ചെലവും അധ്വാനവും വേണ്ടിവരും.
കഴിഞ്ഞ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ സമയത്ത് ഇങ്ങനെ സ്കൂൾ ചുവരുകൾ പോസ്റ്ററൊട്ടിച്ച് നശിപ്പിച്ചതിനെക്കുറിച്ച് സംസ്ഥാനവ്യാപകമായി പരാതികൾ ഉയർന്നിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പാകുമ്പോഴേക്കും അതെല്ലാം ഒന്നുകൂടി മനോഹരമാക്കി വച്ചിട്ടുണ്ട്. മറ്റെല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കുന്ന ജില്ലാ കളക്ടർമാരടക്കമുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളുടെ ചുവരുകൾ പോസ്റ്ററൊട്ടിച്ച് വൃത്തികേടാക്കരുതെന്ന നിർദേശം കൂടി ഇപ്പോൾതന്നെ ബന്ധപ്പെട്ടവർക്കു നല്കണമെന്നാണ് അധ്യാപകരുടെയും കുട്ടികളുടെയും ആവശ്യം. അറിയിപ്പുകൾ ചുവരിൽ തന്നെ ഒട്ടിക്കുന്നതിനു പകരം പ്രത്യേക ബോർഡുകൾ സ്ഥാപിച്ച് പ്രദർശിപ്പിച്ചാൽ പോരേയെന്നാണ് ഇവരുടെ ചോദ്യം. അതിനാവശ്യമായ ബോർഡുകൾ മിക്കവാറും സ്കൂളുകളിൽതന്നെ ഉണ്ടാകുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.