ഹയർ സെക്കൻഡറി മൂല്യനിർണയത്തിന്റെ താളം തെറ്റിക്കുന്നതായി പരാതി
1415461
Wednesday, April 10, 2024 1:41 AM IST
കാസർഗോഡ്: ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളിൽ മൂല്യനിർണയ പ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് ഭരണാനുകൂല സംഘടനാ പ്രവർത്തകരുടെ സ്ക്വാഡുകൾ എത്തുന്നതെന്ന പരാതിയുമായി പ്രതിപക്ഷ സംഘടനകൾ രംഗത്ത്. ഇവർ മൂല്യനിർണയം നടത്തുന്ന അധ്യാപകർക്ക് ശല്യമാകുന്ന തരത്തിൽ പേപ്പറുകൾ എടുത്ത് മാർക്ക് കൂട്ടി നോക്കുകയും ഉപദേശപ്രസംഗങ്ങൾ നടത്തി ശ്രദ്ധ തിരിക്കുകയും ചെയ്യുന്നതായി വിവിധ ക്യാമ്പുകളിൽ മൂല്യനിർണയം നടത്തുന്ന അധ്യാപകർ പറയുന്നു.
അഞ്ചോ ആറോ അധ്യാപകർ വച്ചുള്ള ഗ്രൂപ്പുകളായാണ് അധ്യാപകർ ഓരോ വിഷയത്തിന്റെയും മൂല്യനിർണയം നടത്തുന്നത്. ഇങ്ങനെയുള്ള ഓരോ ഗ്രൂപ്പിലും ഒരു ചീഫ് എക്സാമിനർ ഉണ്ടാകും. അദ്ദേഹം തന്റെ ഗ്രൂപ്പിലെ എല്ലാ അധ്യാപകരും മൂല്യനിർണയം നടത്തിയ പേപ്പറുകളിൽ 20 ശതമാനം എണ്ണം പുനർ മൂല്യനിർണയം നടത്തുകയും മുഴുവൻ പേപ്പറുകളിലെയും മാർക്കുകൾ കൂട്ടി നോക്കി ശരിയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഇങ്ങനെയൊരു സംവിധാനം നിലവിലുള്ളപ്പോഴാണ് മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ സ്ക്വാഡായി എത്തി ക്യാമ്പുകളിൽ അധികാര ദുർവിനിയോഗം നടത്തുന്നതെന്ന് ഇവർ പറയുന്നു.
രാഷ്ട്രീയ മാനദണ്ഡം മാത്രം അടിസ്ഥാനമാക്കി നിയമിക്കപ്പെട്ട വളരെ ജൂണിയറായ അധ്യാപകർ സ്ക്വാഡിന്റെ പേരിൽ ക്യാമ്പുകളിൽ എത്തി സീനിയർ അധ്യാപകർ നോക്കുന്ന പേപ്പറുകൾ പരിശോധിക്കുന്നതിൽ അധ്യാപകർക്ക് വലിയ അമർഷമുണ്ട്. കഴിഞ്ഞ വർഷം മൂല്യനിർണയം നടത്തിയ അധ്യാപകർക്ക് ഇതുവരെ അതിന്റെ വേതനം നൽകാൻപോലും സർക്കാരിന് കഴിഞ്ഞിട്ടില്ല. ഈ വർഷം നടന്നുകൊണ്ടിരിക്കുന്ന മൂല്യനിർണയത്തിന്റെ വേതനം സംബന്ധിച്ചും യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യത്തിലാണ് യാത്രാബത്തയും ദിനബത്തയുമടക്കം നൽകി ഭരണാനുകൂല സംഘടന പ്രതിനിധികളെ സ്ക്വാഡ് പ്രവർത്തനത്തിന് നിയോഗിച്ചിരിക്കുന്നത്.
പരീക്ഷാ മൂല്യനിർണയ പ്രക്രിയയെ പോലും രാഷ്ട്രീയ ആയുധമാക്കുന്നതിന്റെ തെളിവാണ് ഇത്തരം നീക്കങ്ങളെന്നും പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു. ചൂടിന്റെ ആധിക്യം മൂലം ഉച്ചകഴിയുമ്പോഴേക്കും പ്രായമായ അധ്യാപകരെല്ലാം തലവേദനയും അസ്വസ്ഥതകളും അനുഭവിക്കുകയാണ്. ഇതിനിടയ്ക്ക് തെരഞ്ഞെടുപ്പ് ക്ലാസുകളും റോഡിലെ വാഹന പരിശോധനാ ഡ്യൂട്ടിയുമെല്ലാം അധ്യാപകർക്ക് നല്കുന്നുണ്ട്. ഇതിനെല്ലാമിടയിൽ മൂല്യനിർണയ ക്യാമ്പുകളിൽ പോലുംഅധ്യാപകർക്ക് സമ്മർദമുണ്ടാക്കുന്ന അനാവശ്യ ബാഹ്യ ഇടപെടലുകൾ ഒഴിവാക്കണമെന്ന് പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെട്ടു.