പൊതുവിദ്യാഭ്യാസ ഏകീകരണത്തിനെതിരേ അധ്യാപകര്‍ പ്രതിഷേധദിനം ആചരിച്ചു
1396758
Saturday, March 2, 2024 1:50 AM IST
കാസര്‍ഗോഡ്: പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ലയന നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും ഹയര്‍ സെക്കൻഡറിയെ ഇല്ലാതാക്കുന്ന ഖാദര്‍ കമ്മിറ്റി ശുപാര്‍ശ തള്ളികളയണമെന്നും ആവശ്യപ്പെട്ട് ഫെഡറേഷന് ഓഫ് ഹയര്‍ സെക്കൻഡറി ടീച്ചേര്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്കൂളുകളില്‍ പ്രതിഷേധ ദിനം ആചരിച്ചു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകര്‍ത്ത് പൊതു വിദ്യാലയങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ അകറ്റി വിദ്യാഭ്യാസ മേഖല സ്വകര്യവത്കരിക്കുന്നതിനുള്ള നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സംഘടന ആവശ്യപ്പെട്ടു.
ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ വികേന്ദ്രീകരണത്തിന്റെ ഗുണഭോക്താക്കളായി മാറുമ്പോള്‍, വിവിധ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ശാരീരിക, മാനസിക വളര്‍ച്ച പരിഗണിക്കാതെ, യാതൊരു തരത്തിലുള്ള ശാസ്ത്രീയ പഠനങ്ങളോ സംഘടനാപ്രതിനിധികളുമായും ചര്‍ച്ച നടത്താതെയുമാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി ഏകീകരണവുമായി മുന്നോട്ടു പോകുന്നത്. മുന്‍ കാല വിദ്യാഭ്യാസ കമ്മീഷനുകളുടെ കണ്ടെത്തലുകളെ പാടെ നിരാകരിച്ചുകൊണ്ട് സ്കൂള്‍വിദ്യാഭ്യാസത്തിന്റെ ഏകീകരണം നടപ്പാക്കിയാല്‍ വിദ്യാര്‍ഥികളില്‍ മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കുകയും കേരളത്തിലെ വിദ്യാര്‍ഥികള്‍ ദേശീയതലത്തില്‍ പിന്തള്ളപ്പെടുകയും വ്യാപകമായ രീതിയില്‍ തൊഴില്‍ അഭ്യസ്തരായ യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും സംഘടന ആരോപിച്ചു.
ധാരാളം അധ്യാപകരുടെ തൊഴില്‍ നഷ്ടത്തിനും ഇടയാക്കുന്ന ഇടതു സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ പരിഷ്കരണങ്ങളില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധ ദിനത്തില്‍ പ്രതിഷേധ ചങ്ങല കൂടി സംഘടിപ്പിച്ചതെന്ന് എഫ്എച്ച്എസ്ടിഎ സംസ്ഥാന സമിതി അംഗം ജിജി തോമസ്, ചെയര്മാന് സുബിന് ജോസ്, കണ്‍വീനര്‍ പി. സുകുമാരന്‍, കെ. ജോസ്കുട്ടി, കെ.ടി. അന്‍വര്‍, എന്‍. സദാശിവന് എന്നിവര്‍ അറിയിച്ചു.