ഇന്റർ പോളിടെക്നിക് ഫുട്ബോൾ; മീനങ്ങാടി ഗവ. പോളിടെക്നിക് ജേതാക്കൾ
1396517
Friday, March 1, 2024 1:11 AM IST
തൃക്കരിപ്പൂർ: സംസ്ഥാന ഇന്റർ പോളിടെക്നിക് കോളജ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് മീനങ്ങാടി ഗവ. പോളിടെക്നിക് കോളജ് ടീം ജേതാക്കളായി. മലപ്പുറം പെരിന്തൽമണ്ണ ഗവ. പോളി ടെക്നിക് കോളജ് ടീമിനെ ടൈബ്രേക്കറിലാണ് (7-6) മീനങ്ങാടി കീഴടക്കിയത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു വീതം ഗോളടിച്ചതിനാൽ മത്സരം ടൈബ്രേക്കറിലേക്ക് നീളുകയായിരുന്നു. ലൂസേഴ്സ് ഫൈനലിൽ കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് കോളജിനെ തോൽപ്പിച്ച് കുറ്റിപ്പുറം കെഎംസിടി മൂന്നാംസ്ഥാനം നേടി.മികച്ച കളിക്കാരനായി മീനങ്ങാടി ജിപിടിസി യിലെ ടി.വി. അഭിഷേകിനെയും മികച്ച ഗോൾകീപ്പറായി പെരിന്തൽമണ്ണ ജിപിടിസിയിലെ ടി. സലീമിനെയും തെരഞ്ഞെടുത്തു.
ഉദിനൂർ ജിഎച്ച്എസ്എസ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിന്റെ സമാപനചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ എം. സുരേഷ് സമ്മാനദാനം നിർവഹിച്ചു.
തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളജ് സീനിയർ സൂപ്രണ്ട് എൻ.പി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ.സി. സുഭാഷ്, രമേശൻ മുണ്ടവളപ്പിൽ, സന്തോഷ് ശങ്കർ, കെ.പി. അഭിലാഷ്, പി. പ്രിയേഷ്, ടി. മോഹനൻ, യദു ആർ. ഗോവിന്ദ്, ടി.പി. യുഗേഷ് എന്നിവർ പ്രസംഗിച്ചു.