ക്ഷേമ പെൻഷൻ വിതരണക്കാർക്കുള്ള ഇൻസെന്റീവ് ട്രഷറിയിൽ കെട്ടിക്കിടക്കുന്നു
1395881
Tuesday, February 27, 2024 6:34 AM IST
കാസർഗോഡ്: രണ്ടുവർഷം മുമ്പ് ക്ഷേമ പെൻഷനുകൾ വീട്ടിലെത്തിച്ച് നല്‍കിയവർക്ക് നല്‍കാനുള്ള ഇൻസെന്റീവ് ഇപ്പോഴും ട്രഷറിയിൽ കെട്ടിക്കിടക്കുന്നു. 2021 നവംബർ മുതൽ 2022 നവംബർ വരെ നല്‍കേണ്ടിയിരുന്ന 2.77 കോടി രൂപയാണ് ജില്ലാ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത്.
2022 ഡിസംബർ മുതൽ 2023 ഏപ്രിൽ വരെയുള്ള പ്രതിഫലം ഇടക്കാലത്ത് നല്‍കിയിരുന്നു. എന്നാൽ പഴയ കുടിശികയുടെ പ്രശ്നം അതിനിടയിൽ കോടതി കയറിയതോടെയാണ് കെട്ടിക്കിടക്കാനിടയായത്. 2023 ഏപ്രിലിനു ശേഷമുള്ള പ്രതിഫലവും ഇനി നല്‍കാനുണ്ട്.
പ്രാഥമിക സഹകരണസംഘങ്ങൾ വഴിയാണ് ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുന്നത്. പെൻഷൻ തുക വീടുവീടാന്തരം കയറിയിറങ്ങി നല്കുന്നവരിൽ ഏറെയും സംഘങ്ങളിലെ ദിനനിക്ഷേപ പിരിവുകാരാണ്. ദിവസേനയുള്ള ജോലി മാറ്റിവെച്ചാണ് മിക്കവരും പൊരിവെയിലിലും തോരാമഴയിലും പെൻഷൻ വിതരണത്തിനായി ഇറങ്ങുന്നത്.
നിക്ഷേപ പിരിവിൽ നിന്നു കിട്ടുന്ന കമ്മീഷനും പെൻഷൻ വിതരണത്തിന്റെ ഇൻസെന്റീവുമല്ലാതെ മറ്റു വരുമാനമൊന്നും ഇവർക്കില്ല. പെൻഷൻ വിതരണത്തിന് ബാങ്കുകൾക്ക് 10 രൂപയും വീടുകളിൽ പെൻഷൻ എത്തിച്ചുനല്‍കുന്ന ഏജന്റുമാർക്ക് 40 രൂപയുമായി ആകെ 50 രൂപയാണ് ഇൻസെന്റീവായി നല്‍കിയിരുന്നത്. 2022 ഡിസംബർ മുതൽ സംസ്ഥാന സർക്കാർ ഇത് 30 രൂപയാക്കി കുറച്ചു. 2021 നവംബർ മുതൽ കുടിശികയായിരുന്ന ഇൻസെന്റീവ് തുകയും ഈ നിരക്കിൽ മാത്രമേ നല്‍കാനാവൂ എന്നാണ് സർക്കാരിന്റെ നിലപാട്.
ജീവനക്കാരുടെ സംഘടന ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 30 രൂപ നിരക്കിൽ കിട്ടുന്നതുപോലും കേസിന്റെ പേരുപറഞ്ഞ് വച്ചുതാമസിപ്പിക്കപ്പെടുകയും ചെയ്തു. ഇങ്ങനെയാണ് ഈ കാലയളവിലേക്കുള്ള 2.77 കോടി രൂപ ട്രഷറിയിൽ കെട്ടിക്കിടക്കാനിടയായത്.
ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണങ്ങളും നിലനില്‍ക്കുന്നതിനാൽ സർക്കാരിന്റെ പ്രത്യേക അനുമതി കിട്ടിയാൽ മാത്രമേ ഇനി ഈ തുക ബന്ധപ്പെട്ട സഹകരണസംഘങ്ങൾക്ക് വിതരണം ചെയ്യാനാകൂ എന്നാണ് ധനകാര്യ വകുപ്പിന്റെ നിലപാട്.
അതത് സഹകരണസംഘങ്ങൾക്ക് തുക കൈമാറിക്കിട്ടിയാൽ മാത്രമേ അതിൽനിന്നും ഏജന്റുമാർക്കുള്ള വിഹിതം ലഭിക്കുകയുള്ളൂ. മാർച്ച് 31 നു മുമ്പെങ്കിലും അത് കിട്ടുമോയെന്ന കാത്തിരിപ്പിലാണ് ഇപ്പോൾ ഏജന്റുമാർ.