കെഎസ്ഇബി ഫ്യൂസ് ഊരി; വിളഞ്ഞുനിൽക്കുന്ന പാടത്ത് ജലസേചനം മുടങ്ങി
1394594
Thursday, February 22, 2024 1:10 AM IST
കാഞ്ഞങ്ങാട്: കൃഷിഭവൻ അധികൃതർ വൈദ്യുതി ബിൽ അടച്ചില്ലെന്നു ചൂണ്ടിക്കാട്ടി പമ്പ് ഹൗസിലെ വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചതോടെ കാഞ്ഞങ്ങാട് സൗത്ത് പനങ്കാവിലെ ഏഴ് ഹെക്ടർ പാടശേഖരത്തിൽ വിളഞ്ഞുനിൽക്കുന്ന നെൽകൃഷി കരിഞ്ഞുണങ്ങുന്ന നിലയായി.
കൃഷിഭവനു കീഴിൽ പനങ്കാവിലുള്ള പമ്പ് ഹൗസിൽ നിന്നും അരയിപ്പുഴയിലെ വെള്ളം പമ്പ് ചെയ്യുന്നതിനെ ആശ്രയിച്ചാണ് കാലങ്ങളായി ഇവിടെ നെൽക്കൃഷി നടക്കുന്നത്. 36 കർഷകരാണ് ഇത്തവണ കൃഷി ചെയ്യുന്നത്. വിളഞ്ഞ നെൽച്ചെടികൾ രണ്ടോ മൂന്നോ ആഴ്ചകൊണ്ട് കൊയ്യാറായ അവസ്ഥയിൽ നിൽക്കുമ്പോഴാണ് ചൊവ്വാഴ്ച രാവിലെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പമ്പ് ഹൗസിലെ ഫ്യൂസ് ഊരിയത്.
സൗജന്യ വൈദ്യുതിയുമായി ബന്ധപ്പെട്ട രേഖകൾ കർഷകർ പുതുക്കാതിരുന്നതുകൊണ്ടാണ് വൈദ്യുതി ബിൽ അടക്കാതിരുന്നതെന്നാണ് കൃഷിഭവൻ അധികൃതരുടെ വിശദീകരണം. സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം കാർഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതിക്ക് കർഷക കൂട്ടായ്മകൾ രൂപീകരിക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ ഇവിടെ പൂർത്തിയായിരുന്നില്ല. രേഖകൾ പുതുക്കുന്നതിനും പുതിയ ഉത്തരവ് പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമായി എത്രയും വേഗം കൃഷിഭവനിലെത്താൻ കർഷകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.
കർഷകർ വന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലുടൻ ബിൽ കുടിശിക അടക്കുമെന്നും അവർ വ്യക്തമാക്കി. കർഷകർ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത സാഹചര്യത്തിൽ ബില്ലടച്ചില്ലെന്നത് ശരിയാണെങ്കിലും തങ്ങളുടെ അറിവോടുകൂടിയല്ല നിർണായക സമയത്ത് വൈദ്യുതി വിച്ഛേദിച്ച് വെള്ളമില്ലാതാക്കിയതെന്നും കൃഷിഭവൻ അധികൃതർ പറയുന്നു. ആരെന്തു വിശദീകരിച്ചാലും കർഷകരോട് എന്തും ചെയ്യാമെന്ന അവസ്ഥയ്ക്കു മാത്രം മാറ്റമില്ലെന്ന് കർഷകരും പറയുന്നു.