കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി കാട്ടിൽ വിട്ടു
1394468
Wednesday, February 21, 2024 5:45 AM IST
നീലേശ്വരം: കാഞ്ഞിരപ്പൊയിലിന് സമീപം മൂന്നുറോഡിൽ വീട്ടുപറമ്പിലെ കിണറ്റിൽ നിന്ന് കരകയറ്റി രണ്ടുദിവസം വനപാലകരുടെയും നാട്ടുകാരുടെയും ഉറക്കം കെടുത്തിയ കാട്ടുപോത്തിനെ ഒടുവിൽ മയക്കുവെടി വച്ച് പിടികൂടി കാട്ടിൽ വിട്ടു. വനംവകുപ്പ് അധികൃതർ തൃശൂരിൽ നിന്നെത്തിച്ച ഡോക്ടറുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ പോത്തിനെ മയക്കുവെടി വച്ചത്. നിശ്ചിതസമയം കഴിഞ്ഞിട്ടും പോത്ത് മയങ്ങാതിരുന്നതിനാൽ പിന്നീട് രണ്ടാം ഡോസും നല്കി. പോത്ത് മയങ്ങിയെന്നുറപ്പാക്കിയതിനു ശേഷം ലോറിയിൽ കയറ്റി ഉൾവനത്തിൽ കൊണ്ടുപോയി വിടുകയായിരുന്നു. ജില്ലയിലെ തന്നെ വനമേഖലയിലാണ് കാട്ടുപോത്തിനെ വിട്ടതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചക്കാലമായി പുല്ലൂർ-പെരിയ, മടിക്കൈ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട് ഭീതി പരത്തിയ കൂറ്റൻ കാട്ടുപോത്താണ് ഞായറാഴ്ച രാവിലെ മൂന്നുറോഡിലെ സ്വകാര്യവ്യക്തിയുടെ കിണറ്റിൽ വീണത്. തിങ്കളാഴ്ച പുലർച്ചയോടെ ജെസിബി ഉപയോഗിച്ച് കിണറ്റിലേക്ക് ചാലുകീറിയാണ് പോത്തിനെ പുറത്തെത്തിച്ചത്. തുടർന്ന് അധികം അകലെയല്ലാതെ കുറ്റിക്കാട്ടിൽ തങ്ങിയ പോത്ത് വീണ്ടും ജനവാസമേഖലയിലേക്ക് കടക്കാതിരിക്കാൻ വനപാലകരും പോലീസും കണ്ണിമയ്ക്കാതെ കാവൽ നില്ക്കുകയായിരുന്നു.
കിണറ്റിലേക്കുള്ള വീഴ്ചയിൽ കാലിന് ചെറിയ പരിക്കേറ്റതിനാലാണ് പോത്ത് അധികദൂരം ഓടാതിരുന്നത്. അടുത്തൊന്നും വനമേഖലകളില്ലാതിരുന്നതിനാൽ പോത്തിനെ കാട്ടിലേക്കോടിക്കാനും കഴിയാത്ത നിലയായിരുന്നു. ഇതോടെയാണ് മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനമായത്. എന്നാൽ, ഇതിനുള്ള വിദഗ്ധ ഡോക്ടർമാരെ അടുത്തൊന്നും കിട്ടാതിരുന്നതിനാൽ തൃശൂരിൽ നിന്നും ആളെത്തുന്നതുവരെ വീണ്ടും കാത്തുനില്ക്കേണ്ടിവന്നു. ഇതിനിടയിൽ പോത്ത് അക്രമാസക്തമാകാതിരുന്നതു മാത്രമാണ് രക്ഷയായത്. മൃഗങ്ങളെ കൊണ്ടുപോകുന്നതിനുള്ള വനംവകുപ്പിന്റെ വാഹനവും ജില്ലയിൽ ലഭ്യമല്ലാത്തതിനാൽ വാടകയ്ക്കെടുത്ത ലോറിയിലാണ് പിന്നീട് പോത്തിനെ കാട്ടിലേക്ക് കൊണ്ടുപോയത്.