പുല്ലൂർ കൊടവലത്ത് കാട്ടുപോത്തിറങ്ങി
1393786
Sunday, February 18, 2024 6:58 AM IST
പുല്ലൂർ: പുല്ലൂർ-പെരിയ പഞ്ചായത്തിലെ കൊടവലത്ത് കാട്ടുപോത്തിറങ്ങി. എടമുണ്ടയിലെയും കൊടവലത്തേയും വയലുകളിൽ മണിക്കൂറുകളോളം നിലയുറപ്പിച്ച കാട്ടുപോത്ത് ഒടുവിൽ അമ്പലത്തറ പേരൂർ ഭാഗത്തെ കാടുമൂടിയ കുന്നിൻപ്രദേശങ്ങളിലേക്ക് ഓടിമറയുകയായിരുന്നു.
ഇവിടെ 40 കിലോമീറ്ററോളം ചുറ്റളവിൽ സംരക്ഷിത വനപ്രദേശങ്ങളൊന്നുമില്ല. എന്നാൽ കുന്നിൻചെരിവുകളിൽ ഏക്കർ കണക്കിന് റവന്യൂഭൂമിയും സ്വകാര്യഭൂമിയും കാടുപിടിച്ചു കിടക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ എടമുണ്ടയിലെ എം. മാധവന്റെ വയലിലാണ് കൂറ്റൻ കാട്ടുപോത്തിനെ ആദ്യം കണ്ടത്.
ആളുകളെ കണ്ടതോടെ കാട്ടുപോത്ത് റോഡ് കടന്ന് കൊടവലം വയലിലേക്ക് നീങ്ങി. അടുത്തുള്ള കരക്കക്കുണ്ട് മുത്തപ്പൻ മടപ്പുരയിൽ ഉത്സവം നടക്കുന്നതിനാൽ റോഡിലും പരിസരത്തും നിറയെ ആളുകളുണ്ടായിരുന്നു.
പോത്തിന്റെ പരക്കംപാച്ചിലിനിടയിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള ആളുകൾ പലവഴിക്ക് ചിതറിയോടി. തുടർന്ന് കൊടവലം വയലിലെത്തിയ പോത്ത് രണ്ടുമണിക്കൂറോളം അവിടെ തങ്ങി. പിന്നീട് പേരൂർ ഭാഗത്തേക്ക് ഓടിമറയുകയായിരുന്നു.
പഞ്ചായത്ത് അംഗം ചന്ദ്രൻ കരിച്ചേരിയുടെ നേതൃത്വത്തിൽ നാട്ടുകാർ കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് റെയ്ഞ്ച് ഓഫീസർ എ.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളൂട, വാഴക്കോട് ഭാഗങ്ങളിലെ കാടുകളിൽ തെരച്ചിൽ നടത്തിയെങ്കിലും പിന്നീട് കാട്ടുപോത്തിനെ കണ്ടെത്താനായില്ല.