ഗുരുനാഥനുള്ള സമര്‍പ്പണമായി മിത്രയുടെ ഒന്നാം സ്ഥാനം
1376989
Saturday, December 9, 2023 2:13 AM IST
അകാലത്തില്‍ വിട്ടുപിരിഞ്ഞ ഗുരുനാഥന്റെ ഓര്‍മകളും അനുഗ്രഹവും മനസില്‍ നിറച്ചാണ് കമ്പല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മിത്ര രവീന്ദ്രന് ഹയര്‍ സെക്കന്‍ഡറി വിഭാഗം ലളിതഗാനവേദിയില്‍ പാടാനെത്തിയത്. ഈണത്തിലും ആലാപനഭംഗിയിലും വേറിട്ടുനിന്ന ആത്മാവിലൊരു മയില്‍പ്പീലിയായ് എന്നു തുടങ്ങുന്ന ഗാനം മിത്രയ്ക്ക് നേടിക്കൊടുത്തത് ഒന്നാംസ്ഥാനവും എ ഗ്രേഡും.
രണ്ടുവര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ച ഗായകനും ശാസ്ത്രീയ സംഗീതജ്ഞനുമായ പ്രവീണ്‍ പാക്കമായിരുന്നു മിത്രയ്ക്ക് ഈ ഗാനം പഠിപ്പിച്ചുനല്‍കിയത്. പ്രവീണ്‍ തന്നെ ഈണം നല്കിയ ഈ ഗാനം നേരത്തേയും കലോത്സവവേദികളില്‍ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. പാടിയോട്ടുചാലിലെ വ്യാപാരിയായ രവീന്ദ്രന്റെയും രാജിനിയുടെയും ഇളയ മകളായ മിത്ര ശാസ്ത്രീയസംഗീതത്തിലും ഒന്നാംസ്ഥാനവും എ ഗ്രേഡും നേടിയിട്ടുണ്ട്. പാടിച്ചാലിലെ പ്രസീത ടീച്ചറായിരുന്നു സംഗീതത്തില്‍ മിത്രയുടെ ആദ്യ ഗുരുനാഥ. പ്രവീണിന്റെ വിയോഗത്തിനുശേഷം അദ്ദേഹത്തിന്റെ തന്നെ ശിഷ്യയായ പിലാത്തറയിലെ നിത്യ ബൈജുവാണ് തുടര്‍ന്നു പഠിപ്പിച്ചത്.