"കാടക’മേളയ്ക്ക് ഇന്ന് കലാശക്കൊട്ട്
1376988
Saturday, December 9, 2023 2:13 AM IST
കാറഡുക്ക: മഞ്ഞിന്റെ പുതപ്പു മാറ്റി കാടകം ഉണരുമ്പോഴേക്കും വേദികളില്‍ കൗമാരത്തിന്റെ പ്രസരിപ്പും നിറച്ചാര്‍ത്തുകളും വന്നുനിറഞ്ഞിരുന്നു. കലോത്സവത്തിന്റെ നാലാംദിനത്തില്‍ കേരളനടനത്തിന്റെ ലാസ്യതയും ഭരതനാട്യത്തിന്റെ ശാസ്ത്രീയതയും മോഹിനിയാട്ടത്തിന്റെ വശ്യതയും ചാലിച്ച നൃത്തച്ചുവടുകള്‍ പ്രധാനവേദികളെ ധന്യമാക്കി.
മറ്റു വേദികളില്‍ ലളിതഗാനവും സംഘഗാനവും കഥകളിസംഗീതവും നാടന്‍പാട്ടും ആലാപനത്തിന്റെ വിവിധ തലങ്ങളായി. ഇംഗ്ലീഷ് സ്കിറ്റും നാടകവും കൂടിയാട്ടവും ഗിറ്റാറും ട്രിപ്പിള്‍ ജാസും ആസ്വാദനത്തിന്റെ ഭിന്നധാരകള്‍ തീര്‍ത്തു.
ഇന്ന് കലാശക്കൊട്ടാണ്. ജനപ്രിയ ഇനങ്ങളായ നാടോടിനൃത്തവും സംഘനൃത്തവും ശാസ്ത്രീയ നൃത്തരൂപങ്ങളായ കുച്ചുപ്പുടിയും ആണ്‍കുട്ടികളുടെ ഭരതനാട്യവും ഇന്നു വേദിയിലെത്തും. കഥാപ്രസംഗം, ഓട്ടന്തുള്ളല് തുടങ്ങിയവയും ആസ്വാദകര്‍ക്ക് വിരുന്നേകും.