വരുംവർഷമെങ്കിലും ഉണ്ടാകുമോ... പാലാവയലിന്റെ റോഡ്
1376741
Friday, December 8, 2023 2:20 AM IST
പാലാവയൽ: അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് വികസനപദ്ധതി കണ്ട് ഏറെ കൊതിച്ചുപോയ പാലാവയലുകാർക്ക് ഇത് കാത്തിരിപ്പിന്റെ ആറാം വർഷമാണ്. ചെറുവത്തൂരിൽ നിന്നു തുടങ്ങി ചീമേനിയും ബോർഡിലൊതുങ്ങുന്ന ഐടി പാർക്കും ചാനടുക്കവും കടന്ന് നല്ലോമ്പുഴ-പാലാവയൽ-ഓടക്കൊല്ലി വഴി ചിറ്റാരിക്കാലിലും അവിടെനിന്ന് ഭീമനടിയിലുമെത്തുന്ന റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുന്നതിനായി കിഫ്ബിയിൽ നിന്നും 98 കോടി രൂപയാണ് 2018 ൽ അനുവദിച്ചത്.
ആദ്യഘട്ടത്തിൽ അനുവദിച്ച തുകയെല്ലാം ചെറുവത്തൂർ മുതൽ ചീമേനി വരെയുള്ള ഭാഗത്തുമാത്രം ചെലവഴിച്ചപ്പോൾ മലയോരജനതയ്ക്ക് നോക്കിയിരിക്കാനായിരുന്നു വിധി. ഉണ്ടായിരുന്ന റോഡ് തന്നെ പാലങ്ങളുടെയും കലുങ്കുകളുടെയും പാർശ്വഭിത്തിയുടെയും നിർമാണത്തിന്റെ പേരിൽ കുത്തിപ്പൊളിച്ചും മെറ്റലിറക്കിയും നാനാവിധമാക്കുകയും ചെയ്തു.
റോഡ് നിർമാണം അൽപ്പമെങ്കിലും നടന്നത് ചിറ്റാരിക്കാൽ-ഭീമനടി ഭാഗത്തു മാത്രമാണ്.
റോഡ് നവീകരണം ഘട്ടംഘട്ടമായാണ് നിർവഹിക്കുന്നതെന്നും ചെറുവത്തൂർ-ചീമേനി, ചീമേനി-ചാനടുക്കം ഭാഗങ്ങളിലെ പണി പൂർത്തിയായ ശേഷം മാത്രമേ നല്ലോമ്പുഴ-പാലാവയൽ-ഓടക്കൊല്ലി ഭാഗത്ത് പണി തുടങ്ങാൻ കഴിയുകയുള്ളൂവെന്നും അധികൃതരുടെ വിശദീകരണം പിന്നാലെ വന്നു. പണി തുടങ്ങാറായില്ലെങ്കിൽ ഉണ്ടായിരുന്ന റോഡ് കാലേക്കൂട്ടി കുത്തിപ്പൊളിച്ചിട്ടത് എന്തിനെന്ന ചോദ്യം നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായി.
ചെറുവത്തൂർ-ചീമേനി റോഡിൽ വൈദ്യുതി തൂണുകൾ പോലും മാറ്റിസ്ഥാപിക്കുന്നതിനു മുമ്പേ ആദ്യഘട്ട മെക്കാഡം ടാറിംഗ് നടത്തിയപ്പോൾ നല്ലോമ്പുഴ-ഓടക്കൊല്ലി ഭാഗത്ത് വൈദ്യുതി തൂണുകളും കുടിവെള്ള പൈപ്പുകളും മാറ്റാൻ വേണ്ടി കെഎസ്ഇബിയിലും ജല അഥോറിറ്റിയിലും പണമടയ്ക്കാൻ തന്നെ വർഷങ്ങളെടുത്തു. ഇതിനിടയിലും കലുങ്കുകളുടെയും പാർശ്വഭിത്തികളുടെയും നിർമാണത്തിനായി പൈപ്പുകൾ വെട്ടിപ്പൊളിച്ച് ഉള്ള കുടിവെള്ളം കൂടി മുടക്കുകയും ചെയ്തു.
അവശേഷിച്ച കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ പണി ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി തൂണുകൾ മാറ്റുന്ന പണി ഇനിയും തുടങ്ങിയിട്ടില്ല. ഈ രണ്ട് പ്രവൃത്തികളും പൂർത്തിയായാൽ നല്ലോമ്പുഴ മുതൽ പാലാവയൽ വരെയുള്ള റോഡിന്റെ നിർമാണപ്രവർത്തനം ഈ മാസം 15 ന് തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് കരാറുകാരൻ പറയുന്നു. 15 നകം രണ്ടു പവൃത്തികളും പൂർത്തിയാകുന്നതിനുള്ള സാധ്യത വളരെ കുറവായതിനാൽ ജനുവരിയിലെങ്കിലും റോഡ് പ്രവൃത്തി ആരംഭിക്കാൻ കഴിഞ്ഞെങ്കിലെന്നാണ് നാട്ടുകാരുടെ പ്രാർഥന.
ആകെ 54 കിലോമീറ്ററുള്ള റോഡിൽ ചെറുവത്തൂർ മുതൽ ചാനടുക്കം വരെയുള്ള നിർമാണപ്രവർത്തനങ്ങൾ ഇതിനകം ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ചാനടുക്കംമുതൽ നല്ലോമ്പുഴവരെയുള്ള ഭാഗത്തെ നിർമാണം പുരോഗമിക്കുന്നു. തുടങ്ങിയെങ്കിലും ഇടക്കാലത്ത് നിലച്ചുപോയ ചിറ്റാരിക്കാൽ-ഭീമനടി റോഡ് നിർമാണം നിരവധി സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ പുനരാരംഭിച്ചിട്ടുണ്ട്. ഏഴു കിലോമീറ്ററുള്ള നല്ലോമ്പുഴ-പാലാവയൽ-ഓടക്കൊല്ലി ഭാഗത്താണ് ഇനിയും ഒന്നുമാകാത്തത്.
റോഡ് നവീകരണത്തിനായി ആദ്യഘട്ടത്തിൽ അനുവദിച്ച തുക മുഴുവനും ഭരണസ്വാധീനവും ആൾബലവുമുള്ള മേഖലകൾക്കായി മാറ്റിവെച്ചപ്പോൾ മലയോരത്തിന് നോക്കിയിരിക്കേണ്ടിവന്നു എന്നതാണ് യാഥാർഥ്യം. വരാൻ പോകുന്നത് തെരഞ്ഞെടുപ്പു വർഷമായതുകൊണ്ടെങ്കിലും ചിലപ്പോൾ എന്തെങ്കിലും നടക്കുമെന്നാണ് പാലാവയലുകാരുടെ പ്രതീക്ഷ.