കളറാകും കാറഡുക്ക
1376449
Thursday, December 7, 2023 2:09 AM IST
കാറഡുക്ക: റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മൂന്നുനാള്‍ നീണ്ടുനില്‍ക്കുന്ന കലയുടെ രാപ്പകലുകള്‍ക്ക് ഇന്നു തിരശീല ഉയരും. കലാ-സാസ്കാരിക-ഭാഷ സംഗമഭൂമിയായ കാറഡുക്ക ഇന്നു മാപ്പിളപ്പാട്ടിന്റെ ശീലുകളും മാര്‍ഗംകളിയുടെയും പൂരക്കളിയുടെയും ഒപ്പനയുടെയും ചടുലമായ താളമേളങ്ങളും കൊണ്ടുനിറയും.
പ്രധാനവേദിയില്‍ രാവിലെ 9.30 ന് മോണോആക്ടോടുകൂടിയാണ് മത്സരത്തിന് തുടക്കമാക്കുക. മാപ്പിളപ്പാട്ടിന്റെ താളത്തോടൊപ്പമായിരിക്കും രണ്ടാം വേദി ഉണരുക. മിമിക്രി, പരിചമുട്ടുകളി, ചവിട്ടുനാടകം എന്നിവയാണ് മറ്റു പ്രധാനമത്സരങ്ങള്‍. 14 വേദികളിലായാണ് 222 മത്സരങ്ങള്‍ നടക്കുന്നത്. മോഹനം, നീലാംബരി, നാടകപ്രിയ, സൂര്യകാന്തം, സാരംഗ, കനകാംഗി, സരസാംഗി, ഹംസധ്വനി, കോകിലധ്വനി, ശ്രീരഞ്ജനി, മലഹാരി, കംബോജി, സ്കൂള്‍ ഗ്രൗണ്ട്, നന്ദനം എന്നീ സ്റ്റേജുകളിലാണ് കലോത്സവം നടക്കുക.
വൈകുന്നേരം നാലിനു നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലയിലെ എംഎല്‍എമാരും തദ്ദേശ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
കാസര്‍ഗോഡ്, ദുര്‍ഗ മുന്നില്‍
ജില്ലാ സ്കൂള്‍ കലോത്സവം സ്റ്റേജിതര മത്സരങ്ങളില്‍ രണ്ടെണ്ണത്തിന്റെ ഒഴികെയുള്ള ഫലം പുറത്തുവന്നപ്പോള്‍ 214 പോയിന്റുമായി കാസര്‍ഗോഡ് ഉപജില്ല മുന്നില്‍. ഹൊസ്ദുര്‍ഗ് (204) കുമ്പള (200) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. ബേക്കല്‍ (194), ചെറുവത്തൂര്‍ (191), മഞ്ചേശ്വരം (181), ചിറ്റാരിക്കാല്‍ (168) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.
സ്കൂളുകളില്‍ 66 പോയിന്റോടെ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് ആണ് ഒന്നാമത്. പൈവളിഗെനഗര്‍ ജിഎച്ച്എസ്എസ് (56) രണ്ടും ചട്ടഞ്ചാല്‍ സിഎച്ച്എസ്എസ് (53) മൂന്നാംസ്ഥാനത്തുമുണ്ട്. കുട്ടമത്ത് ജിഎച്ച്എസ്എസ് (40) നാലും ചായ്യോത്ത് ജിഎച്ച്എസ്എസ് (35) അഞ്ചും സ്ഥാനത്താണുള്ളത്.
യുപി വിഭാഗത്തില്‍ 33 പോയിന്റുമായി കാസര്‍ഗോഡ്, കുമ്പള ഉപജില്ലകള്‍ ഒപ്പത്തിനൊപ്പമാണ്. 31 പോയിന്റുമായി ബേക്കലാണ് തൊട്ടടുത്തുള്ളത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 72 പോയിന്റുമായി കാസര്‍ഗോടാണ് മുന്നില്‍. ഹൊസ്ദുര്‍ഗും കുമ്പളയും 71 പോയിന്റുമായി വാശിയോടെ പോരാടുന്നു. 70 പോയിന്റുള്ള ചെറുവത്തൂരും അടുത്തുണ്ട്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 114 പോയിന്റുമായി കാസര്‍ഗോഡ് ഉപജില്ലയാണ് മുന്നില്‍. ഹൊസ്ദുര്‍ഗ് (109), ബേക്കല്‍ (101) പിന്നാലെയുണ്ട്.