പൊളിച്ചുമാറ്റിയത് നൂറ്റാണ്ടിന്റെ ചരിത്രസ്മാരകം
1376445
Thursday, December 7, 2023 2:09 AM IST
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് വിദ്വാൻ പി സ്മാരകവും സാംസ്കാരിക നിലയവും നിർമിക്കുന്നതിനായി പൊളിച്ചുമാറ്റിയത് നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന വിജ്ഞാനദായിനി ദേശീയ വിദ്യാലയത്തിന്റെ കെട്ടിടം.
വിദ്വാൻ പി. കേളുനായർ സ്ഥാപിച്ച വിജ്ഞാനദായിനി കെട്ടിടത്തോടുചേർന്ന് സാംസ്കാരികനിലയം പണിയുന്നതിനായാണ് ഇ. ചന്ദ്രശേഖരൻ റവന്യൂ മന്ത്രിയായിരിക്കേ അഞ്ചു കോടി രൂപ ബജറ്റിൽ അനുവദിച്ചത്. വിജ്ഞാനദായിനി കെട്ടിടം സംരക്ഷിച്ചുകൊണ്ടായിരിക്കും പുതിയ സാംസ്കാരികകേന്ദ്രം നിർമിക്കുന്നതെന്നായിരുന്നു തുടക്കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ നിർമാണ ചുമതല ഏറ്റെടുത്ത പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാർ പരിശോധന നടത്തിയപ്പോൾ കാലപ്പഴക്കം മൂലം ഈ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതായി കണ്ടെത്തുകയായിരുന്നു.
അനുവദിച്ച തുകയേക്കാളേറെ കെട്ടിടം സംരക്ഷിക്കാൻ ചെലവാകുമെന്നായതോടെ ഈ കെട്ടിടം പൊളിച്ചുമാറ്റുന്നതാകും നല്ലതെന്ന് അവർ നിർദേശിച്ചു. തുടർന്ന് സാംസ്കാരിക നിലയത്തിന്റെ നിർമാണത്തിനായി രൂപം നൽകിയ ജനകീയ കമ്മിറ്റിയും കെട്ടിടം നിലനിൽക്കുന്ന മഹാകവി പി സ്മാരക ഗവ.സ്കൂളിലെ പിടിഎയും കെട്ടിടം പൊളിച്ചുമാറ്റുന്നതിനെ അനുകൂലിക്കുകയായിരുന്നു.
മലബാറിൽ സ്വാതന്ത്ര്യ സമരത്തിന് അഗ്നി പകരുന്നതിന് വലിയ ഊർജ്ജമാണ് വിദ്വാൻ പി. കേളു നായർ 1926 ൽ സ്ഥാപിച്ച വിജ്ഞാനദായിനി ദേശീയ വിദ്യാലയം നൽകിയത്. സംസ്കൃത പഠനത്തോടൊപ്പം നാടകത്തിന്റെയും കളരിയായി വിജ്ഞാനദായിനി മാറിയിരുന്നു.
രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള സ്വാതന്ത്ര്യസമര പ്രവർത്തകരും സാംസ്കാരിക നായകരും ഇവിടെയെത്തിയിട്ടുണ്ട്. ജീവിതത്തിൽ ഒട്ടനവധി തിരിച്ചടികളെ നേരിട്ടപ്പോൾ ജീവിതം തന്നെ അവസാനിപ്പിക്കാൻ വിദ്വാൻ പി വേദിയാക്കിയതും ഈ കെട്ടിടമായിരുന്നു.
വിദ്വാൻ പി നടത്തിയ പ്രവർത്തനങ്ങളുടെ എന്നും ജീവിക്കുന്ന ഓർമകൾ വരുംതലമുറകളിലേക്ക് പകരാനുള്ള അവസരമാണ് കെട്ടിടം പൊളിച്ചുമാറ്റിയതിലൂടെ ഇല്ലാതായതെന്ന ശക്തമായ അഭിപ്രായം ഉയർന്നിട്ടുണ്ട്.
ചരിത്ര പൈതൃകമായ കെട്ടിടം തകർക്കുന്നതിനെതിരെ ചരിത്രകാരൻ ഡോ.സി. ബാലന്റെയും ശിവജി വെള്ളിക്കോത്തിന്റെയും നേതൃത്വത്തിൽ സാംസ്കാരിക മന്ത്രിക്കും ജില്ലാ പഞ്ചായത്തും പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
പല ചരിത്ര സ്മാരകങ്ങളും ബലക്ഷയം കൊണ്ട് തകരുന്ന അവസ്ഥ ഉണ്ടായപ്പോൾ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പുതുക്കിപ്പണിയുകയാണ് ചെയ്തിട്ടുള്ളതെന്ന് ഡോ.സി. ബാലൻ പറഞ്ഞു.
പുതിയ കെട്ടിടത്തിൽ വിദ്വാൻ പി. കേളുനായരുടെ ഓർമ്മയ്ക്കായി നാടക പരിശീലന കേന്ദ്രവും തിയേറ്ററും എല്ലാം ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ യഥാർഥ ചരിത്രത്തെ ഇല്ലാതാക്കി മ്യൂസിയങ്ങൾ സ്ഥാപിക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് ഡോ.സി. ബാലൻ പറഞ്ഞു.
ഇതിന്റെ കല്ലും മരവുമെങ്കിലും ശേഖരിച്ച് കെട്ടിടം ഇതേ രൂപത്തിൽ പുനർനിർമിക്കണമെന്ന ആശയവും ബന്ധപ്പെട്ടവർ തള്ളിക്കളയുകയായിരുന്നു.