സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റ് നാളെമുതല്‍ നീലേശ്വരത്ത്
1374944
Friday, December 1, 2023 7:04 AM IST
നീലേശ്വരം: 42-ാമത് സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നാളെയും മറ്റന്നാളുമായി നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. 30 വയസ് മുതൽ 100 വയസ്സുവരെയുള്ള വിവിധ വിഭാഗങ്ങളിലായി 800 ഓളം കായിക താരങ്ങൾ പങ്കെടുക്കും. 24 ഇനങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെയായി മത്സരം നടക്കും.
ആതിഥേയരായ കാസര്‍ഗോഡ് ജില്ലയിൽ നിന്നും 200 കായിക താരങ്ങൾ പങ്കെടുക്കും. മത്സരങ്ങൾ നാളെ രാവിലെ ആറു മണിമുതല്‍ ആരംഭിക്കും.
ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് എം. രാജഗോപാലൻ എംഎൽഎ മേളയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും. അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. ശങ്കരപ്പിള്ള അധ്യക്ഷത വഹിക്കും.
ത്രോ ഇനങ്ങളിലെ മുന്‍കാല ദേശീയ താരവും പരിശീലകനുമായ കെ.സി. ഗിരീഷ് മുഖ്യാതിഥിയാകും. മുതിർന്ന കായികതാരങ്ങളെ ചടങ്ങിൽ ആദരിക്കും. വിവിധ ജില്ലകളിൽ നിന്നെത്തുന്ന കായിക താരങ്ങൾക്ക് നീലേശ്വരം, ചെറുവത്തൂർ, പടന്നക്കാട് എന്നിവിടങ്ങളിലാണ് താമസ സൗകര്യമൊരുക്കിയിട്ടുള്ളത്.
സംസ്ഥാന മീറ്റിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവർക്ക് ഫെബ്രുവരി 10 മുതൽ 14 വരെ ഹൈദരാബാദിൽ നടക്കുന്ന ദേശീയ മീറ്റിൽ പങ്കെടുക്കാം.