വളത്തിന്റെ കാശുപോലും കിട്ടാതെ കർഷകർ
1374029
Tuesday, November 28, 2023 1:14 AM IST
മാലക്കല്ല്: തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം ഉപയോഗിച്ച് നടപ്പാക്കുന്ന കർഷകസഹായ പദ്ധതികൾക്കും ട്രഷറി നിയന്ത്രണം തടസമാകുന്നു. പനത്തടി പഞ്ചായത്തിൽ കൃഷിഭവൻ മുഖേന തെങ്ങിനും കമുകിനും ജൈവവളം, ഡോളോമൈറ്റ്, പൊട്ടാഷ് എന്നിവ വാങ്ങിയ കർഷകർ ബന്ധപ്പെട്ട ബില്ലുകൾ കൃഷിഭവനിലെത്തിച്ചുനല്കി മാസങ്ങളായിട്ടും പണം ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടില്ല.
പനത്തടി പഞ്ചായത്ത് കൃഷിഭവനിൽ നിന്നുള്ള ഏഴ് ബില്ലുകൾ മാലക്കല്ല് ട്രഷറിയിൽ മാസങ്ങളായി കെട്ടിക്കിടക്കുന്നുണ്ട്. ഇവയുടെ ആകെ തുക 11,10,639 രൂപയാണ്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകളൊന്നും തത്കാലം മാറിക്കൊടുക്കേണ്ടതില്ലെന്നാണ് ട്രഷറി അധികൃതർക്ക് സർക്കാരിൽനിന്നും ലഭിച്ചിരിക്കുന്ന നിർദേശമെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ കെ.ജെ. ജയിംസ് പറഞ്ഞു.
ഈ നിയന്ത്രണം ഇനി എന്നേക്ക് മാറുമെന്നോ കർഷകർക്ക് എന്ന് പണം കൊടുക്കാൻ കഴിയുമെന്നോ വ്യക്തമല്ല. വാങ്ങിയ വളത്തിന്റെ ബില്ല് പോലും കർഷകർക്ക് പാസാക്കി കൊടുക്കാതെയാണ് നവകേരള സദസിന്റെ പേരിൽ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പിന്നെയും ഫണ്ട് പിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.