ടാങ്കര്‍, ടിപ്പര്‍ ലോറികളുടെ ഗതാഗതം ക്രമീകരിക്കാൻ നിർദേശം
1339913
Monday, October 2, 2023 1:34 AM IST
കാസര്‍ഗോഡ്: ജില്ലയിലൂടെ കടന്നുപോകുന്ന ടാങ്കര്‍, ടിപ്പര്‍ ലോറികളുടെ ഗതാഗതം ക്രമീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍ദേശം നല്കി. ടാങ്കര്‍ ലോറികള്‍ ദേശീയ പാതയിലൂടെ മാത്രം ഗതാഗതം നടത്തണം. സംസ്ഥാന പാതകളിലൂടെ ദീര്‍ഘദൂര ടാങ്കര്‍ ഓടിക്കരുത്. സ്കൂള്‍ കുട്ടികള്‍ സഞ്ചരിക്കുന്ന രാവിലെയും വൈകീട്ടും സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ ഗതാഗതം നടത്താന്‍ അനുവദിക്കില്ല. ഇതു ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍ദേശം നല്കി. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ ആര്‍ടിഒ പരിശോധന ശക്തമാക്കും. ഇതിന്റെ ദൈനംദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആര്‍ടിഒ യോട് കളക്ടര്‍ നിര്‍ദേശിച്ചു.
മണ്ണ് കടത്ത് അന്വേഷിക്കും
വീരമലക്കുന്ന്, മട്ടലായി കുന്നുകളിലെ അനധികൃത മണ്ണെടുപ്പ് സംബന്ധിച്ചുള്ള അന്വേഷണ പുരോഗതിയും നിയമപരമായും അല്ലാതെയും എത്ര ലോഡ് മണ്ണ് കടത്തിയെന്നും അന്വേഷിക്കാന്‍ എം. രാജഗോപാലന്‍ എംഎല്‍എ ജില്ലാ ജിയോളജിസ്റ്റിനെ ചുമതലപ്പെടുത്തി.
പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പരിസരത്ത് കാര്യങ്കോട് പുഴയില്‍ മുക്കട പാലം വരെയുള്ള കരയിടിച്ചില്‍ തടയാനുള്ള പദ്ധതികളുടെ ഡിപിആറിന്റെ പുരോഗതിയിൽ ചീഫ് എന്‍ജിനിയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ജില്ലാതല കോ-ഓഡിനേഷന്‍ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പറഞ്ഞു. പകര്‍ച്ച വ്യാധിയെ തുടര്‍ന്ന് കന്നുകാലികള്‍ ചത്ത സംഭവത്തില്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലൂടെ നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പട്ടയം നടപടി ത്വരിതപ്പെടുത്തും
പതിറ്റാണ്ടുകളായി കുടില്‍ കെട്ടി താമസിക്കുന്ന കൈവശ ഭൂമിയുള്ള പട്ടിക വര്‍ഗ കോളനിവാസികള്‍ക്ക് പട്ടയം നല്കാന് റവന്യു, സര്‍വേ പട്ടികവര്‍ഗവികസന വകുപ്പുകള്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും വില്ലേജ് ഓഫീസര്‍മാര്‍ താല്‍പര്യപൂര്‍വമുള്ള ഇടപെടല്‍ നടത്തണമെന്നും ഇ. ചന്ദ്രശേഖരന് എംഎല്‍എ പറഞ്ഞു.
കൈവശ ഭൂമിക്ക് രേഖയില്ലാത്തതിനാൽ നിരവധിപേര്‍ക്ക് ലൈഫ് മിഷനില്‍ വീടുകള്‍ ലഭിക്കുന്നില്ല. ജില്ലയില്‍ കൂടുതല്‍ അപേക്ഷകരുള്ളത് വെള്ളരിക്കുണ്ട് താലൂക്കിലാണ്. റവന്യൂ വകുപ്പും പട്ടികവര്‍ഗ വകുപ്പും സംയുക്തമായി താലൂക്ക് തല യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹൊസ്ദുര്‍ഗ് താലൂക്കില്‍ 80 അപേക്ഷകളില്‍ രണ്ട് പേര്‍ക്ക് പട്ടയം നല്കി, നാല് പേരുടെ പ്രൊപ്പോസല്‍ പരിശോധിച്ച് വരികയാണ്, വെള്ളരിക്കുണ്ട് താലൂക്കില്‍ ആകെ 298 അപേക്ഷകളില്‍ 24 എണ്ണത്തില്‍ നടപടി സ്വീകരിച്ചു, ബാക്കിയുള്ളവയില്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
ബളാല്‍ പഞ്ചായത്തിലെ ചെത്തിപ്പുഴ കോളനിയില്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍ കഴിയുന്ന 18 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടെത്തി നല്‍കുന്നതിനായി കാഞ്ഞങ്ങാട് എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേർന്ന് പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് പ്രയോജനപ്പെടുത്തും.
ജനറല്‍ ആശുപത്രിയില്‍
സ്ഥലം ലഭ്യമാക്കും
കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറി നിര്‍മാണ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് ഉടന്‍ സമര്‍പ്പിക്കുമെന്നും സ്ഥലത്തുള്ള മരങ്ങള്‍ മുറിച്ച് മാറ്റിയതിനുശേഷം ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുമെന്നും പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഐസോലേഷന് വാര്‍ഡ്, ടിബി സെന്റര്‍, മോര്‍ച്ചറി എന്നിവയുടെ നിര്‍മാണ പുരോഗതി സംബന്ധിച്ച വിവരങ്ങളും ജിഎസ്ടി ഇന്റലിജന്‍സ് ഓഫീസ് കാസര്‍ഗോട്ടു നിന്നും കാഞ്ഞങ്ങാടേക്ക് മാറ്റിയത് പുനഃപരിശോധിക്കണമെന്നും എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.
ജിഎസ്ടി ഇന്റലിജന്‍സ് ഓഫീസ് ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും എംഎല്‍എ പറഞ്ഞു. പഴയ ടിബി സെന്റര്‍ കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഡിഎംഒ പറഞ്ഞു. മോര്‍ച്ചറി കെട്ടിടത്തിനായി കണ്ടെത്തിയ സ്ഥലത്തുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് സാമൂഹിക വനവത്കരണ വിഭാഗം ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
കാസര്‍ഗോഡ് എക്സൈസ് ടവറിന്റെ നിര്‍മാണ പുരോഗതി സംബന്ധിച്ച് പ്രധാന സ്ഥലത്തിലേക്കുള്ള വഴിയുടെ അപര്യാപ്തമായ വീതി പരിഹരിക്കാന്‍ സ്ഥലം ലഭ്യമായതായും ടൂറിസം വകുപ്പിന്റെ സ്ഥലം കൂടി പ്രദേശത്തുണ്ടെന്ന് എക്സൈസ് വകുപ്പ് അറിയിച്ചതിനാല്‍ സംയുക്ത സര്‍വേ നടത്തുമെന്നും എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പറഞ്ഞു.
വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ സമര്‍പ്പിച്ചതില്‍ നടപടി സ്വീകരിക്കാന്‍ മഞ്ചേശ്വരം താലൂക്കിലെ പല വില്ലേജ് ഓഫീസുകളില്‍ നിന്നും കാലതാമസമെടുക്കുന്നുവെന്ന് എ.കെ.എം. അഷ്റഫ് എംഎല്‍എ പറഞ്ഞു.
വില്ലേജ് ഓഫീസുകളില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ നടപടി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദേശം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
തീരദേശ മേഖലയായ കോയിപ്പാടി, പെര്‍വാര്‍ഡ്, നാങ്കി ഉള്‍പ്പെടെയുള്ള കര കടലെടുത്തുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ടുവെച്ച പദ്ധതികളുടെ പുരോഗതി എംഎല്‍എ ആവശ്യപ്പെട്ടു. പെര്‍വാര്‍ഡ് കടപ്പുറത്ത് ജിയോ ബാഗ് ഉപയോഗിച്ച് അടിയന്തിര സംരക്ഷണ പ്രവൃത്തിക്കായി 24 ലക്ഷം രൂപയുടെ സാങ്കേതിക അനുമതി ലഭ്യമായതായി ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പറഞ്ഞു.
കണ്വതീര്‍ത്ഥ ബീച്ച്, പൊസാഡിഗുംബെ, കുമ്പള റൂറല്‍ ടൂറിസം പദ്ധതികളുടെ പുരോഗതി ചര്‍ച്ച ചെയ്തു. കണ്വതീര്‍ത്ഥ ബീച്ച്, പൊസാഡിഗുംബെ ടൂറിസം വികസന നടപടികള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ദേശീയപാതാ നിര്‍മാണം മൂലം ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഹൊസങ്കടിയില്‍ വലിയ വാഹനങ്ങള്‍ വഴി തിരിച്ചുവിടണമെന്ന ആവശ്യവും അഷ്റഫ് ഉന്നയിച്ചു