നഗരമധ്യത്തിലെ കാട്ടുപാത
1338923
Thursday, September 28, 2023 1:30 AM IST
നീലേശ്വരം: റേഷന്‍ സാധനങ്ങളെടുക്കാന്‍ ജില്ലയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും ദിനംപ്രതി ലോറികള്‍ കടന്നുവരുന്ന റോഡാണ്, നീലേശ്വരം നഗരമധ്യത്തിലാണ്, തൊട്ടടുത്ത് ഒരാശുപത്രിയും നിരവധി വീടുകളുമുണ്ട്. എന്നിട്ടും ഒരു കാട്ടുപാതയുടെ അവസ്ഥയിലാണ് നീലേശ്വരം എഫ്സിഐ റോഡ്.
റോഡില്‍ അങ്ങിങ്ങ് ടാറിംഗ് ഇളകി കുണ്ടും കുഴിയുമാണ്. മഴ പെയ്ത് വെള്ളം നിറഞ്ഞാല്‍ കുഴികളുടെ ആഴം മനസ്സിലാകാതെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവ്. ഇരുവശങ്ങളിലും തഴച്ചുവളര്‍ന്ന കുറ്റിക്കാട്. സന്ധ്യ കഴിഞ്ഞാല്‍ ഇഴജന്തുക്കള്‍ റോഡിലിറങ്ങുന്നത് പതിവാണ്.
ഈ റോഡിലുള്ള എന്‍കെബിഎം സഹകരണ ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു രോഗിയെ എത്തിക്കുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഓട്ടോയില്‍ നിന്നിറങ്ങി രോഗിയെ താങ്ങിപ്പിടിക്കുമ്പോള് കാലെടുത്തുവെച്ചത് പാമ്പിന്റെ മേലായിരുന്നു.
കഷ്ടിച്ച് ഒരു കിലോമീറ്റര്‍ മാത്രം നീളമുള്ള റോഡ് കടന്നുപോകുന്നത് റെയില്‍വേയുടെ സ്ഥലത്തുകൂടിയാണ്. അതുകൊണ്ടുതന്നെ റീ ടാറിംഗോ കോണ്ക്രീറ്റിംഗോ നടത്തി നന്നാക്കണമെങ്കില്‍ റെയില്‍വേ മനസ്സുവെക്കണം. അതിന് ഇനി ചെന്നൈ വരെ ഫയലുകള്‍ കറങ്ങി തിരിച്ചുവരണമെന്നാണെങ്കില് ഇരുവശങ്ങളിലെയും കാടെങ്കിലും വെട്ടിത്തെളിച്ചുകൂടേ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
എഫ്സിഐയില്‍ നിന്നുള്ള ലോറികള്‍ എതിരേ വരുമ്പോള്‍ ചെറുവാഹനങ്ങള്‍ റോഡിലെ കുഴികളില്‍ വീഴുന്നതും അതൊഴിവാക്കാന് വെട്ടിക്കുമ്പോള്‍ വശങ്ങളിലെ കുറ്റിക്കാട്ടിലേക്കു പാഞ്ഞുകയറുന്നതും ഇവിടെ പതിവാണ്. ഇതിനിടയില്‍ കാല്‍നടയാത്രക്കാര്‍ കൂടിയുണ്ടെങ്കില്‍ പെട്ടതുതന്നെ. വണ്ടിയിടിച്ചില്ലെങ്കില് പാമ്പുകടിക്കുമെന്ന അവസ്ഥയാണ്. കാടു വെട്ടിത്തെളിക്കുന്ന കാര്യത്തിലെങ്കിലും നഗരസഭ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.