കുഷ്ഠരോഗ നിര്‍മാര്‍ജനം: ബാലമിത്ര 2.0 കാമ്പയിന് നടത്തും
1336945
Wednesday, September 20, 2023 6:55 AM IST
കാസര്‍ഗോഡ്: ജില്ലയിലെ രണ്ടു വയസ് മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കിടയിലെ കുഷ്ഠരോഗം കണ്ടെത്തുന്നതിനായുള്ള ബാലമിത്ര 2.0 കാമ്പയിന് ഇന്ന് ആരംഭിക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലെയും അങ്കണവാടികളിലെയും അധ്യാപകര്‍ക്ക് പരീശീലനം നല്‍കും.
മാതാപിതാക്കള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ബോധവത്ക്കരണം ഊര്‍ജിതപ്പെടുത്തും. കുഷ്ഠ രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സ നല്കി അംഗവൈകല്യവും രോഗപകര്‍ച്ചയും ഇല്ലാതാക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. ജില്ലയില്‍ 1348 അങ്കണവാടികളില്‍ നിന്നായി 22713കുട്ടികളെയും 1235സ്കൂളുകളില്‍ നിന്നായി 237464കുട്ടികളെയുമാണ് കാമ്പയിനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ മുഴുവന്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്കും സ്കൂള്‍തല നോഡല്‍ ആധ്യാപകര്ക്കും കുഷ്ഠരോഗത്തെക്കുറിച്ചും ബാലമിത്ര 2.0 പരിപാടിയെക്കുറിച്ചുമുളള ബോധവത്കരണ പരിശീലന ക്ലാസുകള്‍ നല്‍കും.
നോഡല്‍ അധ്യാപകര്‍ കുട്ടികളെ ബോധവത്കരിക്കുകയും കുട്ടികള്‍ വീടുകളില്‍ പോയി രക്ഷിതാക്കളുടെ സഹായത്തോടെ ദേഹപരിശോധന നടത്തുകയും ശരീരത്തില്‍ കുഷ്ഠരോഗം സംശയിക്കുന്ന കലകള്‍, പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വിവരം ക്ലാസ് ടീച്ചറെ അറിയിക്കുകയും ചെയ്യും.
ലക്ഷണങ്ങളുള്ള കുട്ടികളുടെ പേരുവിവരങ്ങള്‍ അധ്യാപകര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കുകയും മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടര്‍ പരിശോധനകള്‍ക്ക് വിധേയമാക്കി രോഗനിര്‍ണയും നടത്തുകയും ചെയ്യും.
വായുവിലൂടെ രോഗ സംക്രമണം നടക്കുന്ന പകര്‍ച്ച വ്യാധിയാണ് കുഷ്ഠം. ചികിത്സയ്ക്ക് വിധേയമാക്കാത്ത രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന രോഗാണുക്കള്‍ വഴിയാണ് രോഗം പകരുന്നത്. ചര്‍മത്തില്‍ ഉണ്ടാകുന്ന നിറം മങ്ങിയതോ, ചുവന്ന് തടിച്ചതോ സ്പര്‍ശന ശേഷി കുറഞ്ഞതോ ആയ പാടുകളാണ് പ്രധാന രോഗലക്ഷണം. കുഷ്ഠ രോഗം ചികില്‍സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കും.
ജില്ലയില്‍ നിലവില്‍ 21 കുഷ്ഠ രോഗികളാണ് ചികിത്സയിലുള്ളത്. അതില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. കുട്ടികള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന കുഷ്ഠ രോഗത്തെ കണ്ടെത്താന്‍ ഈ കാമ്പയിന് സഹായിക്കുമെന്നും ഇതു വിജയിപ്പിക്കുന്നതിന് മുഴുവനാളുകളും സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു.