ഡോക്ടർമാരില്ല; പെരിങ്ങോം താലൂക്ക് ആശുപത്രി ഉപരോധിച്ച് കോൺഗ്രസ്
1336942
Wednesday, September 20, 2023 6:55 AM IST
ചെറുപുഴ: ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതിനാൽ പെരിങ്ങോം താലൂക്ക് ആശുപത്രി ഉപരോധിച്ച് പെരിങ്ങോം മണ്ഡലം കോൺഗ്രസ് കമ്മിറ്റി.
നൂറുകണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയിൽ ഏഴ് ഡോക്ടർമാർ വേണ്ടിടത്ത് ആകെയുള്ളത് രണ്ട് ഡോക്ടർമാർ മാത്രം. ഇവർ അധികസമയം ജോലി ചെയ്തിട്ടു പോലും മുഴുവൻ രോഗികളെയും പരിശോധിക്കുവാൻ കഴിയുന്നില്ല. പെരിങ്ങോം മേഖലയിലെ നാല് പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന ഏക താലൂക്ക് ആശുപത്രിയാണ് പെരിങ്ങോം താലൂക്ക് ആശുപത്രി.
ആവശ്യാനുസരണം കിടത്തി ചികിത്സ ലഭിക്കാത്തതിനാൽ കൂടുതൽ പണം മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് സാധാരണ ജനങ്ങൾ.
ഉപരോധസമരം ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പെരിങ്ങോം മണ്ഡലം പ്രസിഡന്റ് എ.കെ. രാജൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് പയ്യന്നൂർ നിയോജകമണ്ഡലം ചെയർമാൻ എം. ഉമ്മർ, ഇക്ബാൽ മംഗലശേരി, എം. ജനാർദ്ദനൻ, എം.കെ. സുരേഷ്കുമാർ, എ.ടി.വി. വിജയൻ, ചാൾസ് സണ്ണി, സുനിൽ ബാലകൃഷ്ണൻ, രാഹുൽ മണിയറ തുടങ്ങിയവർ പ്രസംഗിച്ചു.