ഉദുമ: കേരളത്തിന്റെ ഭാവി വ്യവസായ വികസനത്തിന്റെ കേന്ദ്രമായി കാസര്‍ഗോഡ് മാറുമെന്ന് വ്യവസായമന്ത്രി പി.രാജീവ്. ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച് ജില്ലാ വ്യവസായകേന്ദ്രം നടത്തുന്ന റൈസിംഗ് കാസര്‍ഗോഡ് നിക്ഷേപകസംഗമം ഉദുമ ലളിത് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാസര്‍ഗോഡിന്റെ നിക്ഷേപ സാധ്യത നേരത്തെ ഉള്ളതിനേക്കാള്‍ പതിന്മടങ്ങ് വര്‍ധിച്ചു. കണ്ണൂര്‍, മംഗളുരു വിമാനത്താവളം, മംഗളുരു തുറമുഖം, ദേശീയപാതാ വികസനം, ബേക്കല്‍ -കോവളം ജലപാത തുടങ്ങി ചരക്ക് നീക്കം എളുപ്പമാവാനുള്ള ഗതാഗത ബന്ധങ്ങളും സാധ്യതകളും ജില്ലയില്‍ കൂടുകയാണ്. ഭൂമിയുടെ സാധ്യത കൂടുതല്‍ കാസര്‍ഗോഡ് ജില്ലയിലാണ്. മറ്റു ജില്ലകളില്‍ ഭൂമി അനുവദിക്കാന്‍ കഴിയാത്ത പ്രശ്നം നേരിടുമ്പോള്‍ കാസര്‍ഗോട്ട് സര്‍ക്കാര്‍, സ്വകാര്യ ഭൂമി ലഭ്യമാണ്.
ഭൂമിയുടെ വിലയും കേരളത്തിലെ മഹാനഗരങ്ങളെ അപേക്ഷിച്ച് കുറവാണ്. പ്ലാന്റേഷന് കോര്‍പറേഷന്റെ ഉള്‍പ്പെടെയുള്ള ഭൂമി ജില്ലയില്‍ ലഭ്യമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യസംസ്കരണ പാര്‍ക്കുകളില്‍ ഒന്ന് ഉദുമ സ്പിന്നിംഗ് മില്‍ ഏരിയയില്‍ ആരംഭിക്കും.
ജില്ലയിലെ നിക്ഷേപക രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങി ഇതരസംസ്ഥാനങ്ങളില്‍ നിന്ന് നിക്ഷേപകര്‍ കേരളത്തിലേക്ക് വരികയാണ്. ഈ മാറ്റം ഉപയോഗപ്പെടുത്താന്‍ കഴിയണം.
സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ പഞ്ചായത്തുകളിലും അനുകൂല സാഹചര്യം ഉണ്ടായി വരുന്നുണ്ട്. എത്ര സംരംഭം തുടങ്ങി, എത്ര തൊഴില്‍ സൃഷ്ടിച്ചു എന്നതും പഞ്ചായത്ത് പ്രസിഡന്റിനെയും അംഗങ്ങളെയും വിലയിരുത്താനുള്ള ഘടകമാകണം. സംസ്ഥാനത്ത് ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി അഹമദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍, എംഎല്‍എമാരായ സി.എച്ച്.കുഞ്ഞമ്പു, എന്‍.എ.നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരന്, എം.രാജഗോപാലന്‍, എ.കെ.എം അഷറഫ്, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, മുന്‍ എംപി പി.കരുണാകരന്, കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഗീത കൃഷ്ണന്, എം.മനു, ജില്ലാ പഞ്ചായത്തംഗങ്ങളായ സി.ജെ.സജിത്, ജോമോന് ജോസ്, ബിആര്‍ഡിസി എംഡി പി.ഷിജിന്, പൈലറ്റ് സ്മിത്ത് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി ഷീന്‍ ആന്റണി, കെവിവിഇഎസ് പ്രതിനിധി കെ.അഹമ്മദ് ഷെരീഫ്, കെവിഎസ് പ്രതിനിധി ടി.വി.ബാലന് മാണിയാട്ട് എന്നിവര്‍ പ്രസംഗിച്ചു.
പ്രമുഖ വ്യവസായി മണികണ്ഠന് മേലത്ത്, ജി മാര്‍ക്ക് എഫ്സെഡ്സി ദുബായ് എംഡി എം.ടി.പി.മുഹമ്മദ്കുഞ്ഞി, ഗജാനന ഗ്രൂപ്പ് എംഡി എച്ച്.ഗോകുല്‍ദാസ് എന്നിവരെ വ്യവസായമന്ത്രി ആദരിച്ചു. പ്രവാസി വ്യവസായി ബി.രഘു മോനാച്ച, വനിത സംരംഭക എസ്.ശരണ്യ എന്നിവര്‍ക്ക് പുരസ്കാരം നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ് നന്ദിയും പറഞ്ഞു.