വ്യവസായം വരേണ്ടത് ഇതാ ഇതുവഴിയേ
1336705
Tuesday, September 19, 2023 6:37 AM IST
കാസര്‍ഗോഡ്: ജില്ലയിലേക്ക് നിക്ഷേപകരെ ക്ഷണിച്ചുകൊണ്ട് റൈസിംഗ് കാസര്‍ഗോഡ് നിക്ഷേപകസംഗമം നടക്കുകയാണ്. ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായകേന്ദ്രവുമാണ് നിക്ഷേപകസംഗമം സംഘടിപ്പിക്കുന്നത്.
വ്യവസായ വകുപ്പിനു കീഴിലെ സിഡ്കോയുടെ ഉടമസ്ഥതയില്‍ വിദ്യാനഗറില്‍ തന്നെ അമ്പതുവര്‍ഷം മുമ്പേ തുടങ്ങിയ ഒരു ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുണ്ട്. സത്യം പറഞ്ഞാല്‍ പുതുതായെത്തുന്ന നിക്ഷേപകര്‍ക്കു മുന്നില്‍ മാതൃകയാകേണ്ട സ്ഥാപനമാണ്. ആകെ 16 ഏക്കര്‍ സ്ഥലം. അവിടെ വര്‍ക്ക് ഷോപ്പുകള്‍, പ്രസ്, ടയര്‍ യൂണിറ്റുകള്‍ തുടങ്ങി എഴുപതിലേറെ ചെറുകിട വ്യവസായ സംരംഭങ്ങള്‍.ജില്ലയില്‍ പുതുതായി നിക്ഷേപമിറക്കുന്നതിനു മുമ്പ് ഇതൊന്നു നോക്കിക്കാണാമെന്ന് പുതിയ നിക്ഷേപകര്‍ വിചാരിച്ചാല്‍ തെറ്റുപറയാനാവില്ല.
ജില്ലാ ആസ്ഥാനമുള്‍ക്കൊള്ളുന്ന കളക്ടറേറ്റ് ജംഗ്ഷനില്‍ നിന്നാണ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലേക്ക് വഴിതിരിഞ്ഞു പോകേണ്ടത്. പക്ഷേ വഴിയിലെല്ലാം ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ റോഡേതാണെന്നും കുഴിയേതാണെന്നും മനസിലാക്കാന്‍ അല്പം പ്രയാസമാണ്.
ആകെ ഒന്നര കിലോമീറ്റര്‍ മാത്രമുള്ള റോഡില്‍ ടാറിട്ട ഭാഗങ്ങള്‍ അവിടവിടെ ഉയര്‍ന്നുകാണുന്നത് മാത്രമാണ് റോഡിന്റെ സാന്നിധ്യം മനസിലാക്കാന്‍ സഹായിക്കുന്നത്. ഇടയിലുള്ള കുഴികളുടെ ആഴമറിയാത്തതിനാല് കാറിന്റെ പിന്‍സീറ്റിലിരിക്കുന്നവര്‍ പോലും സീറ്റ് ബെല്റ്റിടേണ്ടത് നിര്‍ബന്ധമാണ്. ഇരുചക്രവാഹനത്തില്‍ പോകുന്നവരുടെ കാര്യം പറയേണ്ടതുമില്ല. ചെളിവെള്ളം നീന്താതെ കാല്‍നടയായി പോലും വ്യവസായ പാര്‍ക്കിലേക്ക് പോകാനാകാത്ത അവസ്ഥയാണ്.
ദേശീയപാതയോരത്ത് ബസിറങ്ങി കളക്ടറേറ്റിലേക്ക് നടന്നുപോകേണ്ടതും ഇതേ റോഡിലൂടെയാണ്. ഗ്രാമീണമേഖലയില്‍ പോലും മെക്കാഡം റോഡുകള്‍ വരുമ്പോഴാണ് ജില്ലാ ആസ്ഥാനത്തിനു മുന്നില്‍ ഈ ദുരവസ്ഥ. ജില്ലാ വ്യവസായകേന്ദ്രത്തിന്റെ വടക്കുഭാഗത്തെ റോഡും ഇതേ അവസ്ഥയിലാണ്. പത്തുവര്‍ഷം മുമ്പ് വ്യവസായ പാര്‍ക്കിലെ സംരംഭകര്‍ തന്നെ മുന്‍കൈയെടുത്താണ് റോഡ് ഒരുവട്ടം ടാര്‍ ചെയ്തത്. അതിനുശേഷം യാതൊരുവിധ അറ്റകുറ്റപ്പണികളും നടന്നിട്ടില്ല.
ജില്ലാ ആസ്ഥാനത്തെ വ്യവസായ പാര്ക്കിന് ഇതുവരെ ചുറ്റുമതില്‍ പോലും നിര്‍മിച്ചിട്ടില്ല. വെള്ളവും വൈദ്യുതിയുമുള്‍പ്പെടെ സംരംഭകര്‍ സ്വന്തം നിലയിലാണ് കണ്ടെത്തുന്നത്. പുതിയ സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് പോലും സംരംഭകര്‍ അടക്കേണ്ടിവരുന്നു. അതേസമയം സിഡ്കോയില്‍ അടക്കേണ്ട എസ്റ്റാബ്ലിഷ്മെന്റ് തുക അടുത്തിടെ കുത്തനെ ഉയര്‍ത്തുകയും ചെയ്തു.