പെരുമ്പാമ്പ് കോഴികളെ തിന്നാല്‍ നഷ്ടപരിഹാരമില്ലെന്ന് വനംവകുപ്പ്
1299993
Sunday, June 4, 2023 7:45 AM IST
വെള്ളരിക്കുണ്ട്: പെരുമ്പാമ്പ് ഒരു പാവപ്പെട്ട കര്‍ഷകന്റെ കോഴികളെ വിഴുങ്ങിയാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം തരേണ്ടതല്ലേ..? വേണമെന്നാണ് സാമാന്യബുദ്ധിയില്‍ തോന്നുന്ന ഉത്തരമെങ്കിലും അതിനു വ്യവസ്ഥയോ ഫണ്ടോ ഇല്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. വള്ളിക്കടവിലെ മുതിര്‍ന്ന കര്‍ഷകനായ ജോര്‍ജ് കടവനാണ് വനംവകുപ്പിനെതിരേ രംഗത്തെത്തിയത്.
കഴിഞ്ഞവര്‍ഷം ജൂണ്‍ 21 നാണ് ജോര്‍ജിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ പെരുമ്പാമ്പ് കയറിയത്. ഒമ്പത് കോഴികളെ അപ്പാടേ വിഴുങ്ങുകയും മറ്റു നാലെണ്ണത്തിനെ കൊന്നിടുകയും ചെയ്തു. രാവിലെ കൂട് തുറക്കാന്‍ പോയപ്പോഴാണ് അതിനകത്ത് ചടഞ്ഞുകൂടി കിടക്കുന്ന ഭീമന് പെരുമ്പാമ്പിനെ കണ്ടത്. ഉടന്‍തന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയും അവര്‍ പാമ്പിനെ പിടികൂടി സുരക്ഷിതമായി വനത്തില്‍ കൊണ്ടുവിടുകയും ചെയ്തു. തന്റെ കോഴികളെ കൊന്നുതിന്നതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം വെള്ളരിക്കുണ്ടില്‍ നടന്ന അദാലത്തിലും ജോര്‍ജ് പരാതിയുമായെത്തി. അവിടെവച്ചാണ് പെരുമ്പാമ്പ് കോഴിയെ കൊന്നതിന് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് ഡിഎഫ്ഒ വ്യക്തമാക്കിയത്.
വന്യജീവികളെ അറിയാതെ കൊന്നാല്‍ പോലും കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്യുന്ന വനംവകുപ്പ് കര്‍ഷകര്‍ക്ക് തിരിച്ചും നഷ്ടപരിഹാരം തരേണ്ടതല്ലേ എന്ന ന്യായമായ ചോദ്യമാണ് ജോര്‍ജ് ഉന്നയിച്ചത്. പാമ്പ് നിങ്ങളുടേതും കോഴി എന്റേതുമായതുകൊണ്ട് എനിക്ക് നഷ്ടപരിഹാരം കിട്ടിയേ തീരൂ എന്നു പറഞ്ഞപ്പോള്‍ മറ്റേതെങ്കിലും വിധത്തില്‍ സഹായം അനുവദിക്കാമെന്ന് അദാലത്തിന് നേതൃത്വം നല്കിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍ദേശിച്ചു.
എന്നാല്‍ കോഴികളുടെ പേരിലുള്ള നഷ്ടപരിഹാരം മാത്രമേ സ്വീകരിക്കൂ എന്ന നിലപാടില്‍ ജോര്‍ജ് ഉറച്ചുനില്‍ക്കുകയായിരുന്നു.വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകളില്‍ കര്‍ഷകരോടുള്ള അനീതി ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഇദ്ദേഹം.