വീടിനകത്തു കയറിയ വെരുകുകളെ വനംവകുപ്പ് പിടികൂടി
1298022
Sunday, May 28, 2023 7:06 AM IST
തൃക്കരിപ്പൂർ: വീടിന്റെ മുകള്‍നിലയിലെ ആളൊഴിഞ്ഞ കിടപ്പുമുറിയില്‍ നിന്നും അസാധാരണമായ ശബ്ദം കേട്ടാണ് ഇന്നലെ പുലര്‍ച്ചെ തലിച്ചാലത്തെ എം.അബ്ദുല്‍ റഹിമാനും കുടുംബാംഗങ്ങളും ഉണര്‍ന്നത്.
ശ്രദ്ധാപൂര്‍വം മുകളിലെത്തി നോക്കിയപ്പോള്‍ കണ്ടത് രണ്ട് വെരുകുകളെ. ലൈറ്റിട്ട് അവയെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ രണ്ടും നേരെ താഴെയിറങ്ങി കിടപ്പുമുറിയിലെ അലമാരക്ക് പിന്നില്‍ കിടപ്പായി.
അല്പം ബലംപ്രയോഗിച്ച് ഓടിച്ചുവിടാന്‍ ശ്രമിച്ചപ്പോള്‍ വീട്ടുകാര്‍ക്ക് നേരെ ചീറ്റുകയും ഭീഷണി മുഴക്കുകയും ചെയ്തു. രക്ഷയില്ലാതെ വീട്ടുകാര്‍ വനംവകുപ്പിനെ വിളിച്ച് വിവരം പറഞ്ഞു. ഒടുവില്‍ ഉച്ചയോടെ കാഞ്ഞങ്ങാട്ടുനിന്ന് വനം വകുപ്പ് റസ്ക്യുവര്‍ വി.ഗൗതം സഞ്ചിയും കമ്പിയുമായി സ്ഥലത്തെത്തിയതോടെയാണ് വീട്ടുകാര്‍ക്ക് ആശ്വാസമായത്.
കുറച്ചുനേരത്തെ പ്രയത്നത്തിനൊടുവില്‍ ഇണകളിലൊന്നിനെ ബാസ്കറ്റിലും മറ്റേതിനെ സഞ്ചിയിലുമാക്കി. രണ്ടിനേയും ഒരുമിച്ചുതന്നെ കാട്ടില്‍ കൊണ്ടുപോയി വിടുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇതിനടുത്തുള്ള വീടുകളില്‍ നിന്ന് കോഴികളെ കടിച്ചു കൊന്നതും ഇവയാണെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.