ലോക ക്വിസിംഗ് ചാന്പ്യന്‍ഷിപ്പ് മൂന്നിന്
1297736
Saturday, May 27, 2023 1:35 AM IST
കാസര്‍ഗോഡ്: ക്വിസിലെ ലോകചാമ്പ്യനെ കണ്ടുപിടിക്കാന്‍ ഇന്റര്‍നാഷണല്‍ ക്വിസിംഗ് അസോസിയേഷൻ, ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് കേരളത്തിലെ ആദ്യ ക്വിസ് സംഘാടകരായ ക്യു ഫാക്ടറിയുടെ സഹകരണത്തോടെ കേരളത്തിലെ 14 ജില്ലകളിലും ലോക ക്വിസ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു.
ലോകത്തെമ്പാടുമുള്ള നൂറിലധികം വേദികളിലായി ഒരേ ദിവസം നടക്കുന്ന ഈ മത്സരത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ വിജ്ഞാന പ്രേമികള്‍ക്ക് പ്രായ, വിദ്യാഭ്യാസ ഭേദമെന്യേ പങ്കെടുക്കാം. ജൂണ്‍ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് എഴുത്തു പരീക്ഷയുടെ മാതൃകയിലാണ് മത്സരം.
ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്ന ഈ മത്സരത്തില്‍ ശാസ്ത്രം, കായികം, വിനോദം, ചരിത്രം തുടങ്ങി എട്ടു വിഷയങ്ങളിലായി 240 ചോദ്യങ്ങള്‍ ഉണ്ടാകും. മൂന്നു മണിക്കൂറാണ് മത്സരദൈര്‍ഘ്യം.
മത്സരം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്, ക്വിസിംഗില് ഒരു ലോക റാങ്കിങ്ങും 240 ചോദ്യങ്ങള്‍ അടങ്ങിയ ബുക്ലെറ്റും ഇന്ത്യയെ പ്രതിനിധീകരിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റും ലഭിക്കും. ക്യു ഫാക്ടറി കോഓര്‍ഡിനേറ്റര്‍ സി.പി.സുജിത് മത്സരം നിയന്ത്രിക്കും.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 300 രൂപ രജിസ്ട്രേഷന് ഫീ ഓണ്‍ലൈന്‍ ആയി അടച്ചു രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 9495669086, 9947646760. ഇ-മെയിൽ: wqckerala@gmail. com.