ഇടതുസര്‍ക്കാരിന്റെ നികുതി കൊള്ളയ്ക്കെതിരേ കരിദിനാചരണവുമായി യുഡിഎഫ്
1283453
Sunday, April 2, 2023 1:02 AM IST
കാസര്‍ഗോഡ്: കാര്‍ഷിക വിളകളുടെ വില തകര്‍ച്ചയും സമസ്ത മേഖലകളിലെയും വിലക്കയറ്റവും മൂലം പൊറുതിമുട്ടുന്ന സാധാരണക്കാരന്റെ തലയില്‍ സംസ്ഥാന ബജറ്റിലെ നികുതി ഭാരം കൂടി അടിച്ചേല്പിക്കപ്പെടുന്ന ദിനമായ ഏപ്രില്‍ ഒന്ന് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ കരിദിനമായി ആചരിച്ചു. വിവിധയിടങ്ങളില്‍ പ്രതിഷേധപ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തി. സര്‍ക്കാരിന്റെ ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളും സ്വജനപക്ഷപാതവും മൂലമുണ്ടാകുന്ന അധിക ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ഭീമമായ നികുതി വര്‍ധനവിലൂടെ ജനങ്ങളെ പിഴിയുകയാണെന്ന് യുഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കറുത്ത ബാഡ്ജും കരിങ്കൊടിയും തീപ്പന്തങ്ങളുമായി ഡിസിസി ഓഫീസിനു മുന്നില്‍ നിന്ന് കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ ചെയര്മാന് സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എ. ഗോവിന്ദന് നായര്‍ അധ്യക്ഷതവഹിച്ചു. മുന്‍ എംഎല്‍എ കെ.പി. കുഞ്ഞിക്കണ്ണന്, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്, ജെറ്റോ ജോസഫ്, ഹരീഷ് ബി. നമ്പ്യാര്‍, ആന്റക്സ് ജോസഫ്, വി. കമ്മാരന്, വി.കെ. രവീന്ദ്രന്, കരുണാകരന് ബദിയടുക്ക, എ.ജി.സി. ബഷീര്‍, അസീസ് മരിക്ക, കല്ലട്ര അബ്ദുല്‍ ഖാദര്‍, കൂക്കള്‍ ബാലകൃഷ്ണന്,ഗോവിന്ദന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
കാഞ്ഞങ്ങാട്ട് നടത്തിയ പ്രതിഷേധയോഗം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എ. ഖാലിദ് ഉദ്ഘാടനം ചെയ്തു. നികുതി വര്‍ധനവിന്റെ ഗുണഭോക്താക്കള്‍ മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കന്മാരും മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. എന്‍.കെ. രത്നാകരന്, എം.പി. ജാഫര്‍, എന്‍.എ. ഉമ്മര്‍, എം. കുഞ്ഞികൃഷ്ണന്, വി.ഗോപി, പ്രമോദ് കെ. റാം, ഷിബിന്‍ ഉപ്പിലിക്കൈ, പി.വി. ചന്ദ്രശേഖരന് എന്നിവര്‍ പ്രസംഗിച്ചു.
രാജപുരം: യുഡിഎഫ് കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനാചരണവും പന്തം കൊളുത്തി പ്രകടനവും നടത്തി. മണ്ഡലം പ്രസിഡന്റ് എം.എം. സൈമണ്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്, ബ്ലോക്ക് സെക്രട്ടറി ബാലകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.