കാസര്‍ഗോട്ടെ ആനകള്‍ ഇനി "റാവുത്തരും കുട്ടിശങ്കരനും'
1283147
Saturday, April 1, 2023 1:16 AM IST
കാസര്‍ഗോഡ്: പടയപ്പയും അരിക്കൊമ്പനും ചക്കക്കൊമ്പനുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന കാലത്ത് ആരും പേരിട്ടുവിളിക്കാത്തതുകൊണ്ടാണ് കാസര്‍ഗോട്ടെ കാട്ടാനകളെ വനംവകുപ്പ് പോലും കണ്ടില്ലെന്നു നടിക്കുന്നതെന്ന പരിഭവം ഇനി വേണ്ട. സൗരോര്‍ജവേലി പോലും വകവയ്ക്കാതെ കര്‍ണാടക വനാതിര്‍ത്തി കടന്ന് കാസര്‍ഗോഡ് താലൂക്കിന്റെ വനാതിര്‍ത്തി മേഖലയില്‍ സ്ഥിരമായി ഇറങ്ങുന്ന രണ്ട് ആനകള്‍ക്ക് നാട്ടുകാര്‍ പേരുവിളിച്ചു.
കൂട്ടത്തില്‍ പ്രായവും തലപ്പൊക്കവുമുള്ള ആനയ്ക്ക് റാവുത്തരെന്നും ഏറ്റവുമധികം നശീകരണ സ്വഭാവം കാണിക്കുന്ന കുട്ടിക്കൊമ്പന് കുട്ടിശങ്കരനെന്നുമാണ് നാട്ടുകാര്‍ പേരുവിളിച്ചത്.
വര്‍ഷങ്ങള്‍ക്കു മുമ്പേ വനാതിര്‍ത്തി കടന്ന് ജനവാസ കേന്ദ്രങ്ങളില്‍ എത്താന്‍ തുടങ്ങിയ ആനയാണ് റാവുത്തര്‍. ആദ്യകാലത്ത് ആനക്കൂട്ടത്തിന്റെ ഭാഗമായിരുന്നെങ്കിലും ഇപ്പോള്‍ മിക്കപ്പോഴും ഒറ്റയാനാണ്. നല്ല ഉയരവും നീളമേറിയ കൊമ്പുകളുമുണ്ട്. നാട്ടിലെ ചെറുവനങ്ങളാണ് ഇഷ്ടകേന്ദ്രം. കൃഷിയിടങ്ങളിലിറങ്ങിയാലും കുറച്ചുനേരമേ തങ്ങൂ. വാഴയാണ് ഇഷ്ടഭക്ഷണം. എന്നാലും താരതമ്യേന കുറച്ച് നാശനഷ്ടങ്ങള്‍ വരുത്തുന്ന ആനയാണ് ഇതെന്നാണ് ഒരു വിഭാഗം കര്‍ഷകരുടെയും വനപാലകരുടെയും പക്ഷം.
കുറിയ ശരീരവും ചെറിയ കൊമ്പുകളുമുള്ള കുട്ടിശങ്കരന് പടക്കം പൊട്ടിച്ചാല്‍ പോലും കൃഷിയിടത്തില്‍നിന്ന് ഓടാന്‍ മടിയുള്ളവനാണ്. പെട്ടെന്ന് തിരിഞ്ഞുനിന്ന് ആളുകളെ ഭയപ്പെടുത്താനും മടിക്കാറില്ല. ഇവനിറങ്ങുന്ന കൃഷിയിടങ്ങളില്‍ കാര്‍ഷിക വിളകള്‍ എന്തായാലും മുഴുവന്‍ നശിപ്പിച്ചേ അടങ്ങാറുള്ളൂ.
അതേസമയം കാട്ടാനകളെ പേരിട്ട് ലാളിക്കാനും ആരാധക സംഘങ്ങളുണ്ടാകാനുമൊക്കെ തുടങ്ങിയാല്‍ അത് അവയെക്കൊണ്ടുള്ള കൃഷിനാശവും മറ്റുപദ്രവങ്ങളുമൊക്കെ അവഗണിക്കപ്പെടാനേ വഴിയൊരുക്കൂ എന്നാണ് പടയപ്പയുടെയും അരിക്കൊമ്പന്റെയുമൊക്കെ അനുഭവം ചൂണ്ടിക്കാട്ടി ഭൂരിപക്ഷം പേരുടെയും അഭിപ്രായം.