ടാങ്കര്‍ലോറി ദേഹത്തു കയറി ബൈക്ക് യാത്രികര്‍ മരിച്ചു
1282862
Friday, March 31, 2023 10:30 PM IST
ചെറുവത്തൂര്‍: ടാങ്കര്‍ലോറി ദേഹത്തു കയറി ബൈക്ക് യാത്രികര്‍ മരിച്ചു. സ്വകാര്യ ബസ് കണ്ടക്ടറായ കിനാനൂരിലെ പി.ദീപക്(25), പയ്യന്നൂര്‍ ഹോം അപ്ലയന്‍സ് ഷോപ്പിലെ ജീവനക്കാരന് ചെറുവത്തൂര്‍ കണ്ണാടിപ്പാറയിലെ ഒ.വി.ശോഭിത്(28)എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30 ഓടെ ദേശീയപാതയിലെ ചെറുവത്തൂര്‍ കൊവ്വല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്.
ജോലി കഴിഞ്ഞ് ദീപക് സുഹൃത്തായ ശോഭിത്തിന്റെ കണ്ണാടിപ്പാറയിലെ വീട്ടില്‍ വിടാന്‍ ബൈക്കില്‍ പോകുമ്പോഴാണ് അപകടം. കൊവ്വലില്‍ എത്തിയപ്പോഴാണ് ഇടവഴിയില്‍ നിന്നും അപ്രതീക്ഷിതമായി ഒരു സ്കൂട്ടര്‍ ദേശീയപാതയിലേക്ക് കയറിവന്നത്. സ്കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോള്‍ ഇരുവരും തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഈസമയം കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി ഇവരുടെ മേല്‍ കയറിയിറങ്ങുകയായിരുന്നു.
ദീപക് സംഭവസ്ഥലത്തും ശോഭിത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകവേയുമാണ് മരിച്ചത്. കിനാനൂരിലെ കുഞ്ഞിക്കുട്ടന്‍ വെളിച്ചപ്പാടന്റെയും അങ്കണവാടി ജീവനക്കാരി വത്സലയുടെയും മകനാണ് ദീപക്. സഹോദരന്:വിവേക്. കണ്ണാടിപ്പാറയിലെ പി.ബാബുവിന്റെയും പരേതയായ ചാന്ദ്നിയുടെയും മകനാണ് ശോഭിത്. സഹോദരി: ശോഭിത.