പ്രകാശ് എസ്റ്റേറ്റില് തീപിടിത്തം; പത്തേക്കര് കൃഷിസ്ഥലം കത്തിനശിച്ചു
1281528
Monday, March 27, 2023 1:28 AM IST
വെള്ളരിക്കുണ്ട്: പ്രകാശ് എസ്റ്റേറ്റില് വന് തീപിടുത്തം. പത്തേക്കറോളം കൃഷിസ്ഥലം കത്തിനശിച്ചു. ഫൊറോന വികാരി റവ.ഡോ.ജോണ്സണ് അന്ത്യാംകുളത്തിന്റെയും പോലീസ്, അഗ്നിശമന സേന, നാട്ടുകാര് എന്നിവരുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് വന്ദുരന്തം വഴി മാറിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് തീപിടിത്തമുണ്ടായത്. പ്രകാശ് എസ്റ്റേറ്റില് നിന്നും പക ഉയരുന്നത് കണ്ട കോണ്വെന്റിലെ സിസ്റ്റര്മാര് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വെള്ളരിക്കുണ്ട് എസ്ഐ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. റവന്യുഭൂമിയില് നിന്നും തീപടര്ന്ന് പ്രകാശ് എസ്റ്റേറ്റിലേക്കും മറ്റു സ്വകാര്യവ്യക്തികളുടെ കൃഷിസ്ഥലത്തേയ്ക്കും കയറുകയായിരുന്നു.
പ്രധാനമായും റബര് മരങ്ങളാണ് കത്തിനശിച്ചത്. വൈകുന്നേരം അഞ്ചോടെയാണ് തീ പൂര്ണമായും കെടുത്തിയത്.ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, ജിമ്മി ഇടപ്പാടിയില്, ടോമി വട്ടയ്ക്കാട്ട്, പി.സി.ബിനോയ്, പെരിങ്ങോം അഗ്നിശമനകേന്ദ്രത്തിലെ അസി.ഓഫീസര് ഗോകുല്ദാസ്, ശശിധരന്, ഫയര്മാന്മാരായ പി.വി.ബിനോയ്, അനൂപ്, അനൂപ്, റിജില് നേതൃത്വം നല്കി.