വനിതാ കമ്മിഷന് സിറ്റിംഗ്: 21 പരാതികൾ സ്വീകരിച്ചു
1280810
Saturday, March 25, 2023 1:10 AM IST
കാസര്‍ഗോഡ്: സംസ്ഥാന വനിതാ കമ്മിഷന് അംഗം പി. കുഞ്ഞയിഷയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മീഷന് സിറ്റിംഗില്‍ 21 പരാതികള്‍ സ്വീകരിച്ചു. നാല് പരാതികള്‍ തീര്‍പ്പാക്കി. രണ്ടു പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഒരു പരാതി കൗണ്‍സിലിംഗിന് വിട്ടു. 14 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പരാതികളില്‍ കൂടുതലും ഗാര്‍ഹിക പീഡന, സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനവുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് അഡ്വ. പി. കുഞ്ഞയിഷ പറഞ്ഞു. സ്ത്രീസംരക്ഷണത്തിനായി നിരവധി പരിപാടികളും പദ്ധതികളും നടപ്പിലാക്കുന്ന ഈ കാലത്തും നിരവധി സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. സ്വത്തും ആഭരണങ്ങളും നഷ്ടപ്പെട്ടശേഷമാണ് സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ തിരിച്ചറിയുന്നത്.
ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ബോധവത്കരണം നല്‍കണമെന്നും അവര്‍ പറഞ്ഞു. വനിതാ സെല്‍ സബ് ഇന്‍സ്പെക്ടര്‍ ടി.കെ. ചന്ദ്രിക, എഎസ്ഐ സുപ്രിയ ജേക്കബ്, ഇന്ദിര, കൗണ്‍സിലര്‍ രമ്യ ശ്രീനിവാസന് എന്നിവരും സിറ്റിംഗില്‍ പങ്കെടുത്തു.