പാമത്തട്ടില്‍ കരിങ്കല്‍ ഖനനത്തിന് പഞ്ചായത്ത് അനുമതി നിഷേധിച്ചു
1280808
Saturday, March 25, 2023 1:09 AM IST
കൊന്നക്കാട്: കോട്ടഞ്ചേരി മലനിരകളിലെ പാമത്തട്ടില്‍ കരിങ്കല്‍ ഖനനത്തിനുള്ള അന്തിമാനുമതി അപേക്ഷ ബളാല്‍ പഞ്ചായത്ത് ഭരണസമിതി യോഗം നിരസിച്ചു. ഭരണസമിതി യോഗത്തിന്റെ സന്ദര്‍ശക ഗാലറിയില്‍ പാമത്തട്ട് സംരക്ഷണ സമിതിയുടെ രണ്ട് അംഗങ്ങളും പങ്കെടുത്തിരുന്നു.
2017ല്‍ പാരിസ്ഥിതിക അനുമതി നേടിയെടുത്ത ക്വാറി മാഫിയ, മറ്റൊരു ജില്ലയിലെ എക്സ്പ്ലോസീവ് ലൈസന്‍സ് ഉപയോഗിച്ചാണ് പാമത്തട്ടില്‍ അന്തിമ അനുമതി നേടാന്‍ ശ്രമിച്ചത്. അനുമതി കൊടുത്തിരുന്നെങ്കില്‍, ഓസ്ട്രേലിയന്‍ സഞ്ചാര മാസികയായ ലോണ്‍ലി പ്ലാനറ്റില്‍ പോലും ഇടം നേടിയ ടൂറിസം കേന്ദ്രമായ കോട്ടഞ്ചേരിയുടെ നാശത്തിന് കാരണമാകുമായിരുന്നു.
ബളാല്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനത്തെ പാമത്തട്ട് സംരക്ഷണ സമിതി സ്വാഗതം ചെയ്തു.
ഇതിനിടെ അശോക തടയണയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നും ദിവസവും രണ്ട് ലക്ഷം ലിറ്ററോളം വെള്ളം ബളാല്‍ പ്രവര്‍ത്തിയ്ക്കുന്ന ക്വാറിയിലേക്ക് കൊണ്ടു പോകുന്നത് പരാതിയെ തുടര്‍ന്ന് പോലീസ് നിര്‍ത്തിവയ്പ്പിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോള്‍ ഇത്തരത്തില്‍ വെള്ളം കടത്തികൊണ്ടു പോകുന്നതിനെതിരെ പൊതുപ്രവര്‍ത്തകനായ സുരേഷ് പുലിക്കോടന് വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ബണ്ഡപ്പെട്ട അനുമതികള്‍ ലഭിക്കാതെ വെള്ളം തുടര്‍ന്ന് കൊണ്ടുപോകുന്നത് നിര്‍ത്തിവയ്പിച്ചു.