ഹരിതകര്മസേനയ്ക്ക് ഇനി ഇ-ഓട്ടോയും ഡിജിറ്റല് സ്പ്രിംഗ് ബാലന്സും
1279594
Tuesday, March 21, 2023 12:52 AM IST
കാസര്ഗോഡ്: കാസര്ഗോഡ് നഗരസഭയിലെ ഹരിത കര്മസേനയുടെ പ്രവര്ത്തനങ്ങള് വേഗത്തിലാക്കാന് ഇനി ഇ-ഓട്ടോയും ഡിജിറ്റല് സ്പ്രിംഗ് ബാലന്സും. ഡിജിറ്റല് സ്പ്രിംഗ് ബാലന്സ് നഗരസഭയുടെ 2022-23 വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തിയും ഇ-ഓട്ടോകള് ഐസിഐസിഐ ബാങ്കിന്റെ സിഎസ്ആര് ഫണ്ട് ഉപയോഗിച്ചുമാണ് നല്കുന്നത്.
ഇ-ഓട്ടോയുടെ വരവോടെ വീടുകളില് നിന്നും സ്ഥാപനങ്ങളില് നിന്നുമുള്ള അജൈവ മാലിന്യ നീക്കം വേഗത്തിലാകുന്നതോടൊപ്പം ഡിജിറ്റല് സ്പ്രിംഗ് ബാലന്സ് വഴി മാലിന്യങ്ങളുടെ അളവ് കൃത്യമായി രേഖപ്പെടുത്തി ശേഖരിക്കാനും സാധിക്കും. ഇ-ഓട്ടോയും ഡിജിറ്റല് സ്പ്രിംഗ് ബാലന്സും അജൈവ മാലിന്യം ശേഖരിക്കുന്നതിനുള്ള അനുബന്ധന സാമഗ്രികളും ഇന്നു നഗരസഭ കോണ്ഫറന്സ് ഹാളില് വെച്ച് നടക്കുന്ന ചടങ്ങില് ഹരിതകര്മസേനക്ക് കൈമാറും.
മൂന്ന് ഇ-ഓട്ടോകളും 20 ഡിജിറ്റല് സ്പ്രിംഗ് ബാലന്സും അജൈവ മാലിന്യങ്ങള് ശേഖരിക്കുന്നതിന് 1500 അനുബന്ധന സാമഗ്രികളുമാണ് ഹരിത കര്മസേനയ്ക്ക് കൈമാറുന്നത്.