കരിന്തളത്ത് മരമില്ലിന് തീപിടിച്ചു
1279045
Sunday, March 19, 2023 1:44 AM IST
കരിന്തളം: തലയടുക്കത്ത് പ്രവര്ത്തിക്കുന്ന മരമില്ലിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ലക്ഷക്കണക്കിന് രൂപയുടെ ഫര്ണിച്ചര് ഉരുപ്പടികളും കെട്ടിടവും അഗ്നിക്കിരയായി. മില്ലിനകത്തെ വയറിംഗ് സംവിധാനങ്ങളും ജനറേറ്ററുമുള്പ്പെടെ കത്തിനശിച്ചു.
വെള്ളിയാഴ്ച രാത്രി 12 ഓടെയാണ് സംഭവം. കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരിലും നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും മണിക്കൂറുകള് നീണ്ട പ്രയത്നത്തിനൊടുവിലാണ് തീയണച്ചത്.
മാസ് വുഡ് ഇന്ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മരമില്ല് ചിറ്റാരിക്കാല് അതിരുമാവ് സ്വദേശി ജയിംസ് ലീസിനെടുത്ത് നടത്തിവരികയായിരുന്നു. തൊട്ടടുത്തായി ഫര്ണിച്ചര് ഷോപ്പും പ്രവര്ത്തിച്ചിരുന്നു.