നീലേശ്വരം നഗരസഭാ ബജറ്റില്‍ വികസന-ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍
1279043
Sunday, March 19, 2023 1:44 AM IST
നീലേശ്വരം: നഗരത്തിന്റെ ചിരകാല ആവശ്യങ്ങളായ വികസനപദ്ധതികള്‍ക്കും ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ മേഖലകള്‍ക്കും പരിഗണന നല്കി നഗരസഭയുടെ ബജറ്റ്. 74, 63, 74, 976 രൂപ വരവും 73,10,13,656 രൂപ ചെലവും 1,53,61,320 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്മാന് പി.പി. മുഹമ്മദ് റാഫി അവതരിപ്പിച്ചത്. ചെയര്‍ പേഴ്സണ്‍ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു.
നഗരസഭാ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സിന് 18 കോടി രൂപയുടെ കെയുആര്‍ഡിഎഫ്സി വായ്പയ്ക്ക് പുറമേ നഗരസഭാ വിഹിതമായി ഒരു കോടി രൂപ അനുവദിക്കും. നീലേശ്വരം പുഴയോരത്ത് മൂന്ന് നിലകളിലായി നിര്‍മാണം പൂര്‍ത്തിയാകുന്ന പുതിയ നഗരസഭാ ഓഫീസ് കെട്ടിടത്തില്‍ ലിഫ്റ്റ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനങ്ങള്‍ക്കായി 63 ലക്ഷവും സമ്പൂര്‍ണ ഡിജിറ്റല്‍ ഓഫീസ്, ഫര്‍ണിച്ചര്‍ അടക്കമുള്ള സൗകര്യങ്ങള്‍ക്കായി ഒരു കോടിയും സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ അഞ്ച് ലക്ഷവും വകയിരുത്തി.
പുതിയ റോഡുകള്‍ക്കും ഓവുചാലുകള്‍ക്കും ഒരു കോടിയും വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് രണ്ടു കോടിയും ടൗണിലെ റോഡ് നവീകരണത്തിന് 50 ലക്ഷവും രാജാ റോഡ് വികസനത്തിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷവും അനുവദിക്കും. പുതിയ തെരുവു വിളക്കുകള്‍ സ്ഥാപിക്കാന്‍ 10 ലക്ഷവും നിലവിലുള്ള തെരുവു വിളക്കുകളുടെ പരിപാലനത്തിന് 20 ലക്ഷവും നീക്കിവച്ചു. മാര്‍ക്കറ്റ് ജംഗ്ഷനില്‍ കാസര്‍ഗോഡ് വികസന പാക്കേജില്‍നിന്ന് രണ്ടു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മത്സ്യമാര്‍ക്കറ്റില്‍ അനുബന്ധസൗകര്യങ്ങള്‍ ഒരുക്കാന്‍ 25 ലക്ഷം രൂപ അനുവദിക്കും.
താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് പദ്ധതിക്കായി 50 ലക്ഷം രൂപയും പാലിയേറ്റീവ് പദ്ധതിക്ക് 20 ലക്ഷവും അനുവദിക്കും. ജീവിതശൈലീ രോഗങ്ങള്‍ അകറ്റാന്‍ പടിഞ്ഞാറ്റം കൊഴുവലില്‍ ഹെല്‍ത്ത് പാര്‍ക്ക് സ്ഥാപിക്കാന്‍ 10 ലക്ഷം അനുവദിക്കും. നഗരസഭാ പരിധിയില്‍ 5000 വനിതകള്‍ക്ക് സൗജന്യമായി ആര്‍ത്തവ കപ്പ് വിതരണം ചെയ്യും.
പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അധിക പരിശീലനത്തിനായി മികവ് പദ്ധതി നടപ്പാക്കും. വിദ്യാര്‍ഥികള്‍ക്ക് മാനസിക സമ്മര്‍ദം ഒഴിവാക്കാന്‍ കൗണ്‍സലിംഗും പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനവും നടപ്പാക്കും. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ സ്ഥാപിക്കാന്‍ 10 ലക്ഷം രൂപ നല്‍കും.
വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി മൂന്ന് കോടിയോളം രൂപ മാറ്റിവെച്ചു. കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്മിനലിലിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി അഴിത്തല, മുണ്ടേമ്മാട്, പൊടോത്തുരുത്തി, ഓര്‍ച്ച, കച്ചേരിക്കടവ് എന്നിവിടങ്ങളില്‍ ടൂറിസം വകുപ്പുമായി സഹകരിച്ച് പുഴയോര ടൂറിസം പദ്ധതികള്‍ നടപ്പാക്കും. നീലേശ്വരം ഫെസ്റ്റിനും അഴിത്തലയില്‍ ബീച്ച് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനും അഞ്ച് ലക്ഷം രൂപ വീതം മാറ്റിവയ്ക്കും.