വൈദ്യുത തൂണുകൾ മാറ്റാതെ റോഡ് ടാറിംഗ് നടത്താൻ നീക്കം
1263260
Monday, January 30, 2023 12:42 AM IST
തൃക്കരിപ്പൂര്‍: പടന്ന പഞ്ചായത്തിലെ എടച്ചാക്കൈയില്‍ നിന്നും ഉദിനൂര്‍ വഴി തൃക്കരിപ്പൂര്‍ നടക്കാവ് വരെ 3.7 കോടി രൂപ ചെലവിട്ട് നവീകരിക്കുന്ന പൊതുമരാമത്ത് റോഡില്‍ വൈദ്യുത തൂണുകള്‍ മാറ്റാതെ ടാറിംഗ് പൂര്‍ത്തിയാക്കാന്‍ നീക്കം. വിവിധ സ്ഥലങ്ങളിലായി 38 വൈദ്യുതി തൂണുകളാണ് റോഡിന്റെ വീതി കൂട്ടുമ്പോള്‍ ഉള്ളിലാകുന്നത്. ഈ തൂണുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് ഒന്നര ലക്ഷം രൂപയാണ് അടങ്കലില്‍ നീക്കിവച്ചിരുന്നത്. ഇത്രയും തൂണുകള്‍ മാറ്റി സ്ഥാപിക്കാന്‍ ഈ തുക മതിയാകില്ലെന്ന നിലപാടില്‍ വൈദ്യുതി ബോർഡ് ഉറച്ചുനിന്നതോടെയാണ് തൂണുകള്‍ മാറ്റാതെ തന്നെ ടാറിംഗ് നടത്താന്‍ നീക്കം നടക്കുന്നത്. റോഡ് നവീകരണ പ്രവൃത്തിയില്‍ അശാസ്ത്രീയതയുണ്ടെന്നാരോപിച്ച് ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ടി.വി. ഷിബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവരെ പ്രതിഷേധമറിയിച്ചിരുന്നു.