ഉദ്യോഗസ്ഥരില്ല; കുറ്റിക്കോലില്‍ ഭരണസ്തംഭനമെന്ന് പ്രതിപക്ഷം
1243400
Saturday, November 26, 2022 12:46 AM IST
ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്തില്‍ മാസങ്ങളായി ഭരണം സ്തംഭിച്ചിരിക്കുകയാണെന്ന് ആരോപണവുമായി പ്രതിപക്ഷം. ഓഗസ്റ്റ് 25ന് ഭരണസമിതി അടിയന്തര യോഗം ചേര്‍ന്നതിന് ശേഷം ഒക്ടോബര്‍ 10നും 28നും രണ്ട് അടിയന്തര യോഗം മാത്രമേ മൂന്നു മാസത്തിലധികം പിന്നിടുമ്പോള്‍ നടത്തിയിട്ടുള്ളു.
സെപ്റ്റംബര്‍ മാസവും നവംബര്‍ മാസവും ഇതുവരെയും ഭരണസമിതി യോഗം നടന്നിട്ടില്ല. 2022-23 സാമ്പത്തിക വര്‍ഷത്തെ വ്യക്തിഗത ആനുകൂല്യം ലഭിക്കുന്നതിനുള്ള മുന്‍ഗണന പട്ടിക ഇതുവരെ ഭരണസമിതി യോഗത്തില്‍ അംഗീകരിച്ചിട്ടില്ല. 2021-22 സാമ്പത്തികവര്‍ഷം നടപ്പിലാക്കേണ്ട പട്ടികവര്‍ഗ വിഭാഗത്തിനുള്ള വാട്ടര്‍ ടാങ്ക് പദ്ധതിയില്‍ മുന്‍ഗണന പട്ടിക തയാറാക്കാന്‍ പോലും ഭരണസമിതിക്ക് സാധിക്കാത്തതിനാല്‍ ടാങ്ക് വിതരണം നടപ്പിലാക്കാന്‍ സാധിച്ചില്ല.
പുതിയ പഞ്ചായത്ത് സെക്രട്ടറി ചുമതലയേറ്റ് ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിനാല്‍ കോടോം - ബേളൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അധിക ചുമതല നൽകിയിരിക്കുകയാണ്. എന്നാല്‍ അദ്ദേഹം ഇതുവരെ കുറ്റിക്കോല്‍ പഞ്ചായത്തിലേയ്ക്ക് വന്നിട്ടില്ല. അസി. സെക്രട്ടറി സ്ഥലം മാറിപ്പോയിട്ട് രണ്ടാഴ്ചയിലധികമായി. പകരം വന്ന അസി. സെക്രട്ടറി ചുമതലയേറ്റ അന്നുതന്നെ അവധിയിലും പ്രവേശിച്ചു.
ഹെഡ് ക്ലര്‍ക്ക് സ്ഥലംമാറി പോയതിനാല്‍ അക്കൗണ്ടിനാണ് ഹെഡ് ക്ലര്‍ക്കിന്റെ അധികചുമതല. ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ കസേര ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. മറ്റു പല ജീവനക്കാരും സ്ഥലമാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ച് ഓര്‍ഡര്‍ വരാന്‍ കാത്തിരിപ്പിലാണ്. അതിനിടയില്‍ പ്ലാന്‍ ക്ലര്‍ക്ക് മൂന്നു മാസത്തെ അവധി ആവശ്യപ്പെട്ട് കത്തും സമര്‍പ്പിച്ചിട്ടുണ്ട്.
പഞ്ചായത്തിലെ തൊഴിലുറുപ്പ് തൊഴിലാളികള്‍ക്ക് പണി ലഭിക്കുന്നതിന് മസ്റ്ററോളില് ഒപ്പിടാന്‍ പോലും നിലവില്‍ ഉദ്യോഗസ്ഥരില്ലാത്ത സ്ഥിതിയും പൊതുജനങ്ങള്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി എന്നും പഞ്ചായത്തില്‍ കയറിയിറങ്ങി തിരിച്ചുപോകുന്ന കാഴ്ചയും നിത്യസംഭവമാണ്.
പ്രധാനപ്പെട്ട ഫയലുകളെല്ലാം കമ്മിറ്റി തീരുമാനങ്ങള്ഇല്ലാത്തിതിനാലും ഉദ്യോഗസ്ഥര്‍ ഇല്ലാതെയും ചുവപ്പുനാടയില്‍ മാസങ്ങളായി കെട്ടിക്കിടക്കുന്നതും ഭരണകര്‍ത്താക്കളുടെ പിടിപ്പുകേട് മൂലമാണെന്നും ഇതിന് ഉടന്‍ പരിഹാരമുണ്ടാവണമെന്നും പഞ്ചായത്തംഗങ്ങളായ ജോസഫ് പാറത്തട്ടേല്‍, കെ. ബലരാമന് നമ്പ്യാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.