ഭീമനടി-ചിറ്റാരിക്കാൽ റോഡിന്റെ ദുരവസ്ഥ; മനുഷ്യച്ചങ്ങലയിൽ പ്രതിഷേധമിരന്പി
1243399
Saturday, November 26, 2022 12:46 AM IST
ഭീമനടി: ഭീമനടി - ചിറ്റാരിക്കാൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഭീമനടി മുതൽ നർക്കിലക്കാട് വരെ തീർത്ത മനുഷ്യച്ചങ്ങലയിൽ പ്രതിഷേധമിരമ്പി. കഴിഞ്ഞ മൂന്നു വർഷമായി അനുഭവിക്കുന്ന യാത്രാ ദുരിതത്തിനു പരിഹാരം തേടിയുള്ള സമരത്തിന്റെ ഭാഗമായാണ് സ്ത്രീകളും കുട്ടികളും മുതിർന്നവരും അമ്മമാരും ഉൾപ്പെടെ ഉള്ളവർ അണിനിരന്നു മനുഷ്യച്ചങ്ങലതീർത്തത്.
മഴ പെയ്തിട്ടുപോലും കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രതിഷേധത്തിൽ കണ്ണിചേരാൻ ആയിരങ്ങൾ എത്തിച്ചേർന്നു. റോഡിന്റെ വികസനം ഇഴഞ്ഞു നീങ്ങുന്നതിനാൽ പ്രദേശത്തെ ജനങ്ങളും വിദ്യാർഥികളും അനുഭവിച്ചു വന്നദുരിതം പരിഹരിക്കുവാനായി രൂപീകരിച്ച സംയുക്ത സമരസമിതിയാണ് മനുഷ്യച്ചങ്ങലയ്ക്ക് നേതൃത്വം നൽകിയത്.
വൈകുന്നേരം 4.30 ഓടെ ഭീമനടിയിൽ നിന്ന് നാലു കിലോമീറ്റർ ദൂരം നർക്കിലക്കാട് വരെ ദുരിതമില്ലാത്ത റോഡിനു വേണ്ടി നാട്ടുകാർ കൈകോർത്തു. റോഡിനു വേണ്ടിയുള്ള നാട്ടുകാരുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഭീമനടി - നർക്കിലക്കാട് സ്ഥലങ്ങളിലെ വ്യാപാരികൾ കടകൾ അടച്ചു കൊണ്ട് മനുഷ്യ ചങ്ങലയിൽ കണ്ണികളായി.
സംയുക്ത സമരസമിതി ചെയർമാൻ തോമസ് കാനാട്ട്, കൺവീനർ സോണി കാരിയ്ക്കൽ, ടി.സി. രാമചന്ദ്രൻ, സഖറിയാസ് തേക്കുംകാട്ടിൽ, പുഷ്പലാൽ, വേണുഗോപാൽ, ഫിലിപ്പോസ് ഊത്തപ്പാറയ്ക്കൽ, ബർക്ക്മാൻസ് ജോർജ് എന്നിവർ നേതൃത്വം നൽകി.