നാടകത്തിന് പ്രത്യേക അക്കാദമി വേണം: നടൻ വിജയരാഘവന്
1225897
Thursday, September 29, 2022 12:46 AM IST
കാസര്‍ഗോഡ്: നാടക കലാകാരന്മാരെ സംരക്ഷിക്കാന്‍ പ്രത്യേക അക്കാദമി രൂപീകരിക്കണമെന്ന് പ്രശസ്ത സിനിമതാരം വിജയരാഘവന്. കാസര്‍ഗോഡ് പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ ചുമതലകളുള്ള ലളിതകലാഅക്കാദമിക്ക് നാടകത്തിന് പ്രത്യേകമായ പരിഗണന നല്കാന് സാധിക്കില്ല. നാടക കലാകാരന്മാര് കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കോവിഡ് കാലത്ത് ഇവര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
സംസ്ഥാനത്ത് 120 ഓളം ഫൈനാര്‍ട്സ് സൊസൈറ്റികളുണ്ടായിടത്ത് ഇന്ന് വിരലില്‍ എണ്ണാവുന്നതായി ചുരുങ്ങി കഴിഞ്ഞു. ഗുണമേന്മയുള്ള നാടകങ്ങളും ഇപ്പോഴുണ്ടാകുന്നില്ല. നാടകം പ്രേക്ഷകരുമായി നേരിട്ട് സംവേദിക്കുന്നതാണ്. അതുകൊണ്ട് തന്നെ നാടകത്തെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ തിയറ്റര്‍ ഉണ്ടാക്കണം.
സിനിമരംഗത്തെ മികച്ച അഭിനേതാക്കളെല്ലാം നാടകരംഗത്ത് നിന്ന് വന്നവരാണ്. വ്യത്യസ്ത ഭാവങ്ങള്‍ അഭിനയിക്കാന്‍ നടന്മാരെ പാകപ്പെടുത്തുന്നതിന് നാടകത്തിന്റെ സംഭാവന വലുതാണ്. ശബ്ദ വിന്യാസവും നേരിട്ടുള്ള സംവേദനവുമാണ് നാടകത്തിന്റെ പ്രത്യേകത. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇന്നും നാടകത്തിന് പ്രേക്ഷകരെയുണ്ട്. 200 ഡോളര്‍ കൊടുത്ത് നാടകം കാണാന്‍ അവിടെ ആളുകളുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ 3500 ഓളം സീറ്റുകള്‍ ഉള്ള വേദി മുഴുവനും ബുക്ക് ആവുന്നതും അവിടെ നാടകത്തിന് ആരാധകരുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.