കേശദാനവുമായി മാലോത്ത് കസബ സ്കൂൾ എസ്പിസി കേഡറ്റുകൾ
1225499
Wednesday, September 28, 2022 1:05 AM IST
മാലോം: മാലോത്ത് കസബ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ കേശദാനം നടത്തി. കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി മാലോത്ത് കസബ സ്കൂളിലെ എസ്പിസി കേഡറ്റുകളും അവരുടെ രക്ഷിതാക്കളും ചേർന്ന് 25 കെട്ടു മുടി ബ്ലഡ് ഡോണേഴ്സ് കേരള കാസർഗോഡ് നേതൃത്വത്തിന് കൈമാറി. കുട്ടികളിൽ സഹജീവി സ്നേഹം വളർത്തുന്ന ഇത്തരം ചടങ്ങുകൾ മാതൃകാപരമാണെന്ന് ബിഡികെ ഭാരവാഹി ഷോണി കെ. ജോർജ് അഭിപ്രായപ്പെട്ടു.
മുഖ്യാധ്യാപകൻ ജ്യോതിബസു, സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ്, സീനിയർ അസിസ്റ്റന്റ് എം.കെ.പ്രസാദ്, ആർ.മണികണ്ഠൻ, വി.രാമചന്ദ്രൻ, ബിഡികെ ഭാരവാഹികളായ ശ്രീജ ബിജു, രഘു വെള്ളരിക്കുണ്ട്, എസ്പിസി ചുമതലയുള്ള പി.ജി.ജോജിത, ജോബി ജോസ് എന്നിവർ പ്രസംഗിച്ചു.