പായം കൃഷിഭവനിൽ വിതരണത്തിനെത്തിയത്് ഉണങ്ങിയ തെങ്ങിൻതൈകൾ
1444698
Wednesday, August 14, 2024 1:42 AM IST
ഇരിട്ടി: പായം കൃഷിഭവനിൽ കർഷകർക്ക് വിതരണം ചെയ്യാൻ എത്തിയത് കരിഞ്ഞുണങ്ങിയ കുറ്റ്യാടി തെങ്ങിൻ തൈകൾ. കേരളത്തിലെ കൃഷിഭവനകൾ തോറും കർഷകർക്ക് വിവിധ ഇനം തൈകൾ വിതരണം ചെയ്തു വരികയാണ്. പായം കൃഷി ഭവനിൽ വിതരണം ചെയ്യാൻ എത്തിച്ച തെങ്ങ്, തക്കാളി, വഴുതന, പച്ചമുളക്, പയർ തുടങ്ങിയ തൈകളിൽ 900 ത്തോളം വരുന്ന തെങ്ങിൻ തൈകളാണ് കരിഞ്ഞുണങ്ങിയ നിലയിലുള്ളത്.
പായം പഞ്ചായത്ത് പരിധിയിലെ കർഷകർക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന തെങ്ങിൻതൈ ഒന്നിന് 50 രൂപയും മറ്റ് 20 ഓളം തൈകൾക്ക് 10 രൂപയുമാണ് കർഷകരിൽ നിന്നും ഈടാക്കുന്നത്. എന്നാൽ, ഇതിൽ വിതരണത്തിന് എത്തിയിരിക്കുന്ന തെങ്ങിൻ തൈകളെല്ലാം കരിഞ്ഞുണങ്ങിയ നിലയിലാണ്.
പച്ചക്കറി തൈകൾ വാങ്ങാനെത്തുന്ന കർഷകർ നിർബന്ധമായും 50 രൂപ മുടക്കി കരിഞ്ഞുണങ്ങിയ തെങ്ങിൻ തൈകൾ കൂടി വാങ്ങണം എന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
കൃഷി വകുപ്പിനും ഉറപ്പില്ല
കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന മഴകാരണം തെങ്ങിൻ തൈകൾക്ക് പൂപ്പൽ രോഗം പിടിപെട്ടതാണ് ഓലകൾ കരിയാൻ കാരണം എന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നത്. വളമിട്ട് പരിചരിച്ചാൽ കുഴപ്പം ഒന്നും വരില്ലെന്ന് പറയുമ്പോഴും ഔദോഗികമായി ഉറപ്പ് നൽകാൻ ഉദ്യോഗസ്ഥനും കഴിയുന്നില്ല.
പൂപ്പൽ പോലുള്ള അസുഖങ്ങൾ തെങ്ങിനെ വളരെ വേഗത്തിൽ ബാധിക്കുന്നതുകൊണ്ട് ഇത്തരം ഗുണനിലവാരം ഇല്ലാത്ത തൈകൾ വിതരണം ചെയ്യുന്നത് നിർത്തിവയ്ക്കണമെന്നും മോശം തൈകൾ വിതരണം ചെയ്ത കർഷകർക്ക് പുതിയ തൈകൾ എത്തിച്ചു നൽകണമെന്നുമാണ് കബിളിപ്പിക്കപ്പെട്ട കർഷകരുടെ ആവശ്യം.