ഭരണാധികാരികൾ പുതുതലമുറയെ രാജ്യത്തിന് പുറത്തേക്ക് തള്ളിവിടുന്നു: എം.എം. ഹസൻ
1435587
Saturday, July 13, 2024 1:38 AM IST
പാലക്കയംതട്ട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള പബ്ലിക് സർവീസ് കമ്മീഷനുകളുടെയും ഉന്നത വിദ്യാഭ്യാസ മേഖലയുടെയും വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇത് പുതുതലമുറയെ രാജ്യത്തിന് പുറത്തേക്ക് പോകാൻ പ്രേരിപ്പിക്കുകയാണെന്നും ജനശ്രീ ചെയർമാൻ എം.എം. ഹസൻ. ജനശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്ത് - ബ്ലോക്ക് ജില്ലാ-ഭാരവാഹികൾ ക്കായി പാലക്കയംതട്ടിൽ സംഘടിപ്പിച്ച സഹവാസ ക്യാമ്പ് "ഉണർവ് " ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരി ഉപയോക്താക്കളും മാഫിയകളും ക്വട്ടേഷൻ സംഘങ്ങളും വ്യാപകമായി വിലസുന്പോൾ നടപടിയെടുക്കേണ്ട സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തികളാകുന്നു. ഇതിനെതിരെ സാമൂഹ്യ ഇടപെടലിന് ജനശ്രീ പ്രവർത്തകർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് മുഖ്യാതിഥിയായിരുന്നു. എം.രത്നകുമാർ, ബേബി ഓടംപള്ളി, ബിജു ഉമ്മർ, പടിയൂർ ബാലൻ, പി. സുനിൽകുമാർ, അബ്ദുൾ റഷീദ്. കെ, ശോഭന കണ്ണോത്ത് തുടങ്ങിയവർപ്രസംഗിച്ചു. സമാപന സമ്മേളനം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.